തിരുവനന്തപുരം: അകാലത്തില്‍ നഷ്ടമായ വയലിസ്റ്റ് ബാലഭാസ്കറിന്റെ സംഗീതത്തെ ചലച്ചിത്ര അക്കാദമി സംരക്ഷിക്കുമെന്ന് ചെയര്മാന് കമല്‍. തിരുവനന്തപുരം മാനവീയം വീഥിയില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്രഅക്കാദമിയും മാനവീയം തെരുവിടം കള്‍ച്ചര്‍ കളക്ടീവും സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി പ്രമുഖര്‍ ബാലഭാസ്കറിനൊപ്പമുള്ള ഓര്‍മകള്‍ പങ്കുവെച്ചു.
ബാലഭാസ്കറിന്റെ സംഗീതം ഏതൊക്കെ രീതീയില്‍ ലഭ്യമാണോ അതൊക്കെയും സംരക്ഷിക്കാനാണ് ചലച്ചിത്ര അക്കാദമിയുടെ ശ്രമം. ദൈവികസ്പര്‍ശമുള്ള മാസ്മരിക മാന്ത്രിക സംഗീതമായിരുന്നു ബാലഭാസ്കറിന്റേതെന്ന് കമല്‍ അനുസ്മരിച്ചു. സൂര്യകൃഷ്ണമൂര്‍ത്തി, ജി.വേണുഗോപാല്‍, കാവാലം ശ്രീകുമാര്‍ തുടങ്ങി നിരവധി പ്രമുഖരാണ് ബാലുവിനെ ഓര്മിക്കാനെത്തിയത്. ബാലുവിന്റെ ഹൃദയമായ വയലിനിലൂടെയായിരുന്നു പുതിയ തലമുറയുടെ അനുസ്മരണം.