ആസിഫ് അലി വേറിട്ട ലുക്കിലെത്തുന്ന മന്ദാരം ഒക്ടോബര്‍ 5 ന് റിലീസിനെത്തുകയാണ്. മന്ദാരം കാണാന്‍ ഫ്രീ ടിക്കറ്റ് നല്കാന് ഒരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍. ആസിഫ് അലിയുടെ ലുക്കുമായി സാമ്യമുള്ളവര്‍ക്ക് സിനിമ ഫ്രീയായി കാണാനുള്ള അവസരമൊരുക്കിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.
മാജിക് മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവ്, ടിനു തോമസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ‘നിങ്ങള്‍ക്കും ഉണ്ടോ കട്ടത്താടി എങ്കില്‍ നിങ്ങള്‍ക്കിതാ ഒരവസരം. മന്ദാരത്തിലെ ആസിഫ് അലിയുടെ ലുക്കിനോട് ചേര്‍ന്നതാണോ നിങ്ങളുടെ ലുക്ക് എങ്കില്‍ മന്ദാരത്തിന്റെ ഫ്രീ ടിക്കറ്റും തകര്‍പ്പന്‍ സമ്മാനങ്ങളും നിങ്ങളെ തേടി എത്തും’. ഫേസ്ബുക്ക് പേജിലൂടെ നിര്‍മാതാക്കള്‍ അറിയിക്കുന്നു.
ആസിഫ് അലി നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് മന്ദാരം. ഒരു റൊമാന്റിക് ചിത്രമാണ്. ആസിഫ് അലിയ്ക്കൊപ്പം അനാര്‍ക്കലി മരിക്കാര്‍ ആണ് മന്ദാരത്തിലെ നായിക. ജേക്കബ് ഗ്രിഗറി, ഭഗത് മാനുവല്‍, അര്ജുന് അശോക്, മേഘ മാത്യു തുടങ്ങി നിരവധി താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.
ചിത്രത്തില്‍ ആസിഫ് അലി വേറിട്ട ഗെറ്റപ്പിലാണ് അഭിനയിക്കുന്നത്. അഞ്ച് വ്യത്യസ്ത ഗെറ്റപ്പുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൗമാരം മുതല്‍ 32 വയസ് വരെയുള്ള വ്യത്യസ്ത കാലഘട്ടത്തിലൂടെ കടന്ന് പോവുന്ന കഥാപാത്രമാണ് ആസിഫ് കൈകാര്യം ചെയ്യുന്നത്. ഇപ്പോഴുള്ള ചില ഫ്രീക്കന്മാരോട് സാമ്യമുള്ള ലുക്കുകളിലാണ് ആസിഫ് അലി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കട്ടത്താടിയും നീട്ടി വളര്‍ത്തിയ മുടിയുമായി ആസിഫ് അലിയുടെ കിടിലന്‍ ലുക്കാണ് സിനിമയിലുള്ളത്.