കൊച്ചി: മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ്ബോസ് മലയാളം
സീസണ് വണിന്റെ ടൈറ്റില്‍ വിന്നറായി സാബു മോന് അബ്ദുസമദ്. നൂറ് ദിനങ്ങള്‍ വാശിയേറിയ പോരാട്ടം കാഴ്ചവച്ച് 16 മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് സാബുമോന്കിരീടമണിഞ്ഞത്. അവതാരകനായ മോഹന്‍ലാലാണ് വിജയിയെ പ്രഖ്യാപിച്ചത്. നടിയും അവതാരകയുമായ പേളി മാണിയാണ് ഫസ്റ്റ് റണ്ണര്‍ അപ്.
കോണ്‍ഫിഡന്റ് ഗ്രൂപ്പ് നല്കുന്ന ഒരു കോടിയുടെ ഫ്ലാറ്റാണ് സാബുവിന് സമ്മാനം. സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ സിനിമയായ ജെല്ലികെട്ടിലും വിജയ് ബാബു നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലും രണ്ട് കിടിലന്‍ വേഷങ്ങളും സാബുവിനെ തേടിയെത്തിയിട്ടുണ്ട്.
അവസാന നിമിഷം വരെ പേളിയും സാബുവും തമ്മില്‍ കടുത്ത മത്സരമായിരുന്നു. ഫൈനലിസ്റ്റുകളായി അവശേഷിച്ച 5 പേരില്‍ സുരേഷ് ആദ്യം പുറത്ത് പോയി, പിന്നെ ശ്രീനിഷ്, ഷിയാസ്… ഒടുവില്‍ അവശേഷിച്ച രണ്ടുപേര്‍ സാബുവും പേളിയും.
ഒട്ടേറെ നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച വേദിയായിരുന്നു ബിഗ് ബോസ്. പുറം ലോകവുമായി യാതൊരു വിധ സമ്പര്‍ക്കങ്ങളും ഇല്ലാതെ നൂറ് ദിനങ്ങള്‍ ഒരു വീട്ടില്‍ പല സ്വഭാവമുള്ള വ്യക്തികളുമൊത്ത് ഒരുമിച്ചു കഴിയുക എന്നത് പതിനാറ് പേരെ സംബന്ധിച്ചും കടുത്ത വെല്ലുവിളി തന്നെയായിരുന്നു.
ഡച്ച് ടിവി സീരിസ് ആയ ബിഗ് ബ്രദറില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ബിഗ് ബോസ് ഇന്ത്യന്‍ പ്രേക്ഷകരിലേക്കും എത്തിത്തുടങ്ങിയത്. പരിപാടിയുടെ ഹിന്ദി പതിപ്പാണ് ആദ്യം ആരംഭിച്ചത്. സല്മാന് ഖാന് ആണ് ഹിന്ദി പതിപ്പിന്റെ അവതാരകനായി എത്തുന്നത്. ബോളിവുഡിലെ പല താരങ്ങളുടെയും തുടക്കം ബിഗ് ബോസിലൂടെയാണ്. സണ്ണി ലിയോണ്‍ ബോളിവുഡില്‍ എത്തിയത് ബിഗ് ബോസിലൂടെയായിരുന്നു.
ഹിന്ദി പതിപ്പിന്റെ വിജയത്തെ തുടര്‍ന്ന് തെലുങ്ക്, കന്നഡ, തമിഴ, മറാത്തി, ബംഗാളി ഭാഷകളിലും ബിഗ് ബോസ് അവതരിപ്പിക്കുകയായിരുന്നു. തെലുങ്കില്‍ ജൂനിയര്‍ എന്‍ടിആറും തമിഴില്‍ കമല്‍ഹാസനുമാണ് ബിഗ് ബോസിന്റെ അവതാരകര്‍.