ന്യൂയോര്‍ക്ക്: കഴിഞ്ഞ ഗണേശ ചതുര്‍ഥി ദിനത്തില്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡ് താരം സൊനാലി ബേന്ദ്രെ. വീട്ടില്‍ ഇല്ലാത്തതിനാല്‍ ആഘോഷം മിസ് ചെയ്യുന്നുവെന്ന് പറഞ്ഞുളള കുറിപ്പ് ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
‘ഗണേശ ചതുര്‍ഥി എന്നും എന്റെ മനസ്സിനോട് ചേര്‍ന്നു നില്ക്കുന്ന ഒന്നാണ്. വീട്ടിലുള്ള ആഘോഷങ്ങള്‍ വല്ലാതെ മിസ് ചെയ്യുന്നു. എങ്കിലും അനുഗ്രഹീതയായി തോന്നുന്നു. എല്ലാവര്ക്കും സന്തോഷവും സ്നേഹവും നിറഞ്ഞ ഒരു ആഘോഷമാകട്ടെ’- സൊനാലി കുറിച്ചു. അതോടൊപ്പം ഭര്‍ത്താവും മക്കളുമൊന്നിച്ച് ഗണേശ പൂജ ചെയ്യുന്ന ചിത്രങ്ങളും സൊനാലി പങ്കുവച്ചിട്ടുണ്ട്.
അര്‍ബുദ ബാധയെത്തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ ചികിത്സയിലാണ് സൊണാലി ഇപ്പോള്‍. കുറച്ച് നാളുകള്‍ക്ക് മുന്‍പ് സൊണാലി തന്നെയാണ് തനിക്ക് അര്‍ബുദമാണെന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. അര്‍ബുദം ശരീരത്തില്‍ വ്യാപിച്ചതിന് ശേഷമാണ് താന്‍ അറിഞ്ഞതെന്നും പോരാട്ടത്തില്‍ പിന്തുണ വേണമെന്നും അര്‍ബുദത്തെ യുദ്ധം ചെയ്ത് കീഴടക്കാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് താനെന്നും സൊനാലി പറഞ്ഞിരുന്നു.