തൃശ്ശൂര്‍: ജീവാംശമായി… ഗാനം പാടി മലയാളിയുടെ മനംകവര്‍ന്ന ആ തമിഴ് പെണ്‍കുട്ടി ഇതാ…ചെന്നൈ സ്വദേശിനി സൗമ്യ റാവുവാണ് സ്വരമാധുരികൊണ്ടും ഭാവാര്‍ദ്രമായ ആലാപനവും കൊണ്ട് ജനഹൃദയങ്ങള്‍ കീഴടക്കിയത്.
30 സെക്കന്റ് മാത്രമുള്ള ഗാനത്തിലൂടെ വൈറലായ പെണ്‍കുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു സൈബര്‍ലോകം. തിരുവനന്തപുരം സ്വാതി തിരുന്നാള്‍ സംഗീത കോളേജിലെ, ഒന്നാംവര്‍ഷ സംഗീത വിദ്യാര്‍ത്ഥിനിയാണ് സൗമ്യ. തമിഴ്നാടാണ് സ്വദേശമെങ്കിലും തമിഴ് ചുവ ഒട്ടും തന്നെയില്ലാതെയാണ് സൗമ്യ ഗാനം ആലപിച്ചിരിക്കുന്നത്.
‘മഴ പോലെ എന്നില്‍ പൊഴിയുന്നു നേര്‍ത്ത വെയിലായി വന്നു മിഴിയില്‍ തൊടുന്നു പതിവായി…’ വരികളിലെ പോലെ തന്നെ പലകുറി കേട്ടിട്ടും മതിവരാതെ മലയാളി കേട്ടുകൊണ്ടിരിക്കുകയാണ് ഈ പാട്ടുകാരിയെ.
ഒഴിവ് സമയത്ത് സഹപാഠി പകര്‍ത്തിയ വീഡിയോ ആണ് വൈറലായി മാറിയത്. ഒട്ടും പ്രതീക്ഷിച്ചിട്ടില്ലെന്നും ശ്രദ്ധിക്കപ്പെട്ടതില്‍ ഏറെ സന്തോഷമുണ്ടെന്നും സൗമ്യ പറയുന്നു. ഒരു സംഗീതോപകരണത്തിന്റേയും സഹായമില്ലാതെയാണ് ഗാനമാലപിച്ചിട്ടുള്ളതെന്നും ശ്രദ്ധേയമാണ്.
ടൊവിനോ നായകനായ പുതിയ ചിത്രം തീവണ്ടിയിലേതാണ് ഗാനം. ചിത്രത്തിന്റെ സംഗീത സംവിധായകന് കൈലാഷ് മേനോനും നവാഗതനായ സംവിധായകന് ഫെല്ലിനി ടിപിയും സൗമ്യയുടെ വീഡിയോ ഷെയര്‍ ചെയ്തിരുന്നു.