ന്യൂയോര്‍ക്ക്: ഡിജിറ്റല്‍ കറന്‍സിയെ വിശ്വസിച്ച് നിക്ഷേപം നടത്തിയവരുടെ മോഹങ്ങള്‍ക്ക് തിരിച്ചടിയായി ബിറ്റ്കോയിന് വില വീണ്ടും കുത്തനെ ഇടിഞ്ഞു. യുഎസ് സെക്യൂരിറ്റീസ് എക്സേഞ്ച് കമ്മീഷന് ബിറ്റ്കോയിന്റെ ഭാവിയുമായി ബന്ധപ്പെട്ട് എടുക്കേണ്ട നിര്‍ണായക തീരുമാനം വൈകിപ്പിക്കുന്നതിനെ തുടര്‍ന്നാണ് ബിറ്റ്കോയിന് വില കുത്തനെ ഇടിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.
ബിറ്റ് കോയിന് വിലയില്‍ പത്ത് ശതമാനമാണ് ഇടിവുണ്ടായിട്ടുണ്ട്. അതായത് ഇതനുസരിച്ച് ഇന്നലെ വില 7100 ഡോളറില്‍ നിന്നും 6500 ഡോളറായിട്ടാണ് ഇടിഞ്ഞിരിക്കുന്നത്. ഒറ്റയടിക്ക് 600 ഡോളറാണ് വിലയിടിഞ്ഞിരിക്കുന്നത്. ബിറ്റ്കോയിന് വില ഉടന്‍ ഒരു ലക്ഷം ആവുമെന്ന് കരുതി 20,000 കൊടുത്ത് വാങ്ങിയവര്‍ക്ക് ഇപ്പോള്‍ 6500 പോലും ലഭിക്കാത്ത അവസ്ഥയാണ് സംഭവിച്ചിരിക്കുന്നത്.
ബിറ്റ്കോയിന് എക്സേഞ്ച് ട്രേഡഡ് ഫണ്ടിന് (ഇടിഎഫ്) വേണ്ടിയുള്ള അപേക്ഷയിന്മേലുള്ള തീരുമാനമാണ് എസ്ഇസി വൈകിപ്പിക്കുന്നത്. ഈ അപേക്ഷ അംഗീകരിക്കപ്പെട്ടാല്‍ ബിറ്റ്കോയിന്റെ വില കുതിച്ച് കയറുമെന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച തീരുമാനം എസ്ഇസി അനിശ്ചിതമായി നീട്ടുന്നത് ഈ കറന്‍സിയുടെ മൂല്യം തീര്‍ത്തും അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണിപ്പോള്. ഇതിനെ തുടര്‍ന്ന് മറ്റ് പ്രധാനപ്പെട്ട ക്രിപ്റ്റോ കറന്‍സികളായ എത്തിറിയം, റിപ്പിള്, ബിറ്റ്കോയിന് കാഷ് എന്നിവയുടെ വിലയും ഇടിയുമെന്നാണ് പ്രവചനം.
ഇതിന് മുമ്പ്് ബിറ്റ്കോയിന് ഇടിഎഫ് അപേക്ഷ എസ്ഇസി നിരസിച്ചിരുന്നു. ക്രിപ്റ്റോ കറന്‍സിയുടെ വില അസ്ഥിരതയെ തുടര്‍ന്നായിരുന്നു ഇത്. പുതിയ ഇടിഎഫ് റിക്വസ്റ്റ് സംബന്ധിച്ച തീരുമാനമെടുക്കുന്നതിന് തങ്ങള്‍ക്ക് കൂടുതല്‍ സമയം വേണമെന്നാണ് പുതിയ അപേക്ഷ തള്ളിക്കൊണ്ട് എസ്ഇസി പ്രതികരിച്ചിരിക്കുന്നത്. ഷിക്കാഗോ ബോര്‍ഡ് ഓഫ് എക്സേഞ്ചിലൂടെ ബ്ലോക്ക് ചെയിന്‍ പ്ലാറ്റ്ഫോമായ സോളിഡ് എക്സാണ് പുതിയ ഇടിഎഫ് റിക്വസ്റ്റ് സമര്‍പ്പിച്ചിരുന്നത്. 2017ല്‍ എസ്ഇസി, ഇടിഎഫ് റിക്വസ്റ്റ് നിരസിച്ചതിന് ശേഷം ബിറ്റ്കോയിന്റെ മാര്‍ക്കറ്റ് ഘടന, മൊത്തം സാഹചര്യങ്ങള്‍ തുടങ്ങിയവ മാറിയിരിക്കുന്നുവെന്നാണ് പുതിയ ഇടിഎഫ് റിക്വസ്റ്റിന്റെ ഭാഗമായി സോളിഡ് എക്സ് കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തിയിരുന്നത്.
എന്നാല്‍ പുതിയ ഇടിഎഫ് റിക്വസ്റ്റ് അംഗീകരിക്കണമോ അതല്ല തള്ളണമോ എന്ന് തീരുമാനിക്കുന്നത് സെപ്റ്റംബര്‍ 30 വരെ നീട്ടിയിരിക്കുന്നുവെന്നാണ് എസ്ഇസി അസിസ്റ്റന്റ് സെക്രട്ടറി എഡ്വാര്‍ഡോ അലെമെന് ഏജന്‍സിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന നോട്ടിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായി കുറച്ച് സമയം അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ഇടിഎഫ് റിക്വസ്റ്റ് സ്വീകരിക്കണമോ നിരസിക്കണമോ എന്ന കാര്യം നീട്ടി വച്ചിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. കഴിഞ്ഞ കുറച്ച് കാലമായി ബിറ്റ് കോയിന്റെ വില തുടര്‍ച്ചയായി ഇടിഞ്ഞ് കൊണ്ടിരിക്കുന്ന പ്രവണതയാണുള്ളത്. അതിനെ തുടര്‍ന്ന് ഇതില്‍ വന്‍ തോതില്‍ പണം നിക്ഷേപിച്ചിരിക്കുന്നവര്‍ക്ക് വന്‍ നഷ്ടമാണുണ്ടായിരിക്കുന്നത്. തല്‍ഫലമായി ഇതില്‍ പണം നിക്ഷേപിക്കരുതെന്ന കടുത്ത മുന്നറിയിപ്പുമായി ഈ രംഗത്തെ വിദഗ്ദ്ധര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.