ന്യൂഡല്‍ഹി; ദ്രൗപദി മുര്‍മു ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് രാഷ്ട്രപതിയായി അധികാരമേല്‍ക്കും. ഇന്ത്യയുടെ 15-മത് രാഷ്ട്രപതിയാണ് ദ്രൗപദി മുര്‍മു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 10.14 നാണ് സത്യപ്രതിജ്ഞ. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ പുതിയ രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.
ഇന്ന് രാവിലെ 9.22 ന് രാഷ്ട്രപതി ഭവനിലെ നോര്‍ത്ത് കോര്‍ട്ടിലെത്തുന്ന ദ്രൗപദി മുര്‍മു കാലാവധി പൂര്‍ത്തിയാക്കുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിക്കും. തുടര്‍ന്ന് 9.49ന് രാഷ്ട്രപതിക്കുള്ള പ്രത്യേക വാഹനത്തില്‍ ഇരുവരും പാര്‍ലമെന്റിലേക്ക് പുറപ്പെടും.
രാവിലെ 10.03ന് രാജ്യസഭാ അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡുവും ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയും ചീഫ് ജസ്റ്റിസ് എന്‍ വി രമണയും ചേര്‍ന്ന് ഇരുവരെയും സ്വീകരിക്കും.10.11ന് പുതിയ രാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മിഷന് ഉത്തരവ് ആഭ്യന്തര സെക്രട്ടറി വായിക്കും.
തുടര്‍ന്ന് 10.14ന് ദ്രൗപദി മുര്‍മുവിന് ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും. പിന്നാലെ സ്ഥാനമൊഴിയുന്ന രാഷ്ട്രപതി ഇരിപ്പിടം കൈമാറും. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന സത്യപ്രതിജ്ഞാച്ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്രമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, വിദേശരാജ്യങ്ങളുടെ നയതന്ത്രമേധാവികള്‍, മൂന്നുസേനകളുടെയും മേധാവികള്‍, പാര്‍ലമെന്റംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സത്യപ്രതിജ്ഞാച്ചടങ്ങിനായി ഒരുങ്ങിയ പാര്‍ലമെന്റിന്റെ പരിസരം കനത്ത സുരക്ഷാവലയത്തിലാണ്. ആദിവാസി വിഭാഗത്തില്‍നിന്ന് ഒരാള്‍ ചരിത്രത്തില്‍ ആദ്യമായാണ് രാജ്യത്തിന്റെ പരമോന്നത പദവിയിലേക്ക് എത്തുന്നത്.