ഏത് നിമിഷവും ആക്രമണമുണ്ടാകുമെന്ന പേടിയിലാണ് യുക്രെയ്നിലെ മനുഷ്യര്‍ ജീവിക്കുന്നത്. യുദ്ധ ഭീതി നിഴലിക്കുന്ന യുക്രെയ്നിലെ ജനങ്ങളുടെ അവസ്ഥ ദയനീയമാണ് റഷ്യയുടെ ഒരു സംഘം സൈന്യം പിന്മാറിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഏതു നിമിഷവും ആക്രമണം പ്രതീക്ഷിക്കാമെന്നാണ് പ്രതിരോധ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്.
ആക്രമിക്കാനെത്തുന്ന റഷ്യയെ നേരിടാന്‍ യുക്രെയ്നില്‍ നിന്നുള്ള മുത്തശ്ശി എകെ 47 ഉപയോഗിച്ച് പരിശീലനം നടത്തുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. വാലന്റീന കോണ്സ്റ്റാന്റിനോവ്സ്ക എന്ന യുക്രെയ്നിയന്‍ മുത്തശ്ശിയാണ് എകെ-47 പരിശീലനം നടത്തിയത്.
യുക്രെയ്നിലെ സിവിലിയന്‍ കോംബാറ്റ് പരിശീലനത്തില്‍ പങ്കെടുക്കുന്ന മുത്തശ്ശിയുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഒരു എകെ 47 റൈഫിള്‍ കൈവശം വയ്ക്കുന്നതും അത് എങ്ങനെ ഉപയോഗിക്കണമെന്നുമാണ് വിഡിയോയില്‍ കാണുന്നത്.
കിഴക്കന്‍ യുക്രെയ്നിലെ മരിയുപോളിലാണ് 79 വയസ്സുള്ള വൃദ്ധയ്ക്ക് ആക്രമണ റൈഫിള്‍ എങ്ങനെ ഉപയോഗിക്കാമെന്ന് സൈനികര്‍ കാണിച്ചുകൊടുക്കുന്നത്. ‘എന്തെങ്കിലും സംഭവിച്ചാല്‍ ഞാന്‍ വെടിവയ്ക്കാന്‍ തയാറാണ്. ഞാന്‍ എന്റെ വീടിനെയും നഗരത്തെയും കുട്ടികളെയും സംരക്ഷിക്കും. ഞാന്‍ ഇത് ചെയ്യും, കാരണം ഞാന്‍ അതിന് സജ്ജമാണ്. എനിക്ക് എന്റെ രാജ്യം നഷ്ടപ്പെടാന്‍ പാടില്ല’, അവര്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.