കൊച്ചി: അടിച്ചു കേറിയ വെള്ളം ആലുവയെ മൊത്തമായി മുക്കി കളഞ്ഞു. എന്നാല്‍ ആ ദുരിതത്തിലും താങ്ങും സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ് കൊച്ചിയുടെ സ്വകാര്യ അഹങ്കാരമായ കൊച്ചി മെട്രോ. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട നിരാലംബരായ ജനങ്ങള്‍ക്ക് അഭയം നല്‍കിയും, ക്യാമ്പിലേയ്ക്ക് വേണ്ട ഭക്ഷണങ്ങള്‍ എത്തിച്ചുമാണ് കൊച്ചി മെട്രോ ആലുവയ്ക്ക് താങ്ങായത്. കൊച്ചിയില്‍ വൈദ്യുതി വിതരണം തടസപ്പെടാതിരുന്നതിലും മെട്രോ മുഖ്യ പങ്ക് വഹിച്ചു.
ആലുവ വെള്ളത്തില്‍ മുങ്ങിയ വ്യാഴാഴ്ച്ച വൈകിട്ട് നാല് വരെ മെട്രോ ഗതാഗതം തടസ്സപ്പെട്ടിരുന്നു. പിന്നീട് ഓട്ടോമാറ്റിക്ക് സംവിധാനം മാറ്റിവെച്ചായിരുന്നു പ്രവര്‍ത്തനം. ഓടിയെത്താന്‍ കൂടുതല്‍ സമയം എടുത്തെങ്കിലും മെട്രോ മാത്രമായിരുന്നു ആ സമയത്ത് ആലുവയില്‍ നിന്നും നഗരത്തിലേക്കും തിരിച്ചുമുള്ള ഏക ഗതാഗത മാര്‍ഗം. വ്യാഴാഴ്ച തുടങ്ങിയ സൗജന്യ യാത്ര ഇപ്പോഴും തുടരുകയാണ്. വരുമാനമോ ലാഭമോ അല്ല മാനുഷിക പരിഗണനയാണ് മെട്രോ നല്‍കിയതെന്ന് കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് ഹനീഫ് പറഞ്ഞു.
മറ്റെല്ലാ സംവിധാനങ്ങളും പരാജയപ്പെട്ടിടത്ത് നിര്‍ണായകമായ ഇടപെടല്‍ നടത്താന്‍ മെട്രോക്ക് കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലൂരിലെ കെഎസ്ഇബി സബ്സ്റ്റേഷനില്‍ വെള്ളം കയറിയപ്പോള്‍ പമ്പ് ചെയ്ത് നീക്കിയതും മെട്രോ തന്നെ. ജല അതോറിറ്റിക്ക് ടാങ്കറുകള്‍ വിട്ടുനല്‍കി. മുട്ടം കണ്ട്രോള് സെന്ററിലെ സംവിധാനങ്ങള്‍ തകരാറിലായപ്പോള്‍ കണ്‍ട്രോളിങ് താല്‍ക്കാലികമായി മെട്രോ സ്റ്റേഷനില്‍ നിന്ന് ആക്കുകയായിരുന്നു. ജീവനക്കാരെ ഡോര്‍മെറ്ററിയില്‍ താമസിപ്പിച്ചു. പ്രളയം കടന്നെത്തിയവര്‍ക്ക് ആശ്വാസമേകിയ കൊച്ചി മെട്രോക്ക് അഭിനന്ദനങ്ങളുടെ പ്രവാഹമാണിപ്പോള്‍.