ഒരു ചാനല്‍ പരിപാടിക്കിടെ നടി മുക്ത തന്റെ അഞ്ചു വയസുള്ള മകള്‍ കിയാരയെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം ചര്‍ച്ചയായി മാറിയിരിക്കുന്നത്. മകളെ കുക്കിങ്, ക്ലീനിങ് എല്ലാം പഠിപ്പിച്ചിട്ടുണ്ട് എന്നായിരുന്നു മുക്ത പറഞ്ഞത്. ഇത് വലിയ വിവാദങ്ങളിലേക്കാണ് എത്തിയത്.
സംഭവത്തില്‍ പ്രതികരണവുമായി ഗായകന് ഹരീഷ് ശിവരാമകൃഷ്ണന് രംഗത്തെത്തി. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും സ്വയം പര്യാപ്തരാക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കണം, അല്ലാതെ കാലഹരണപ്പെട്ട ജെന്‍ഡര്‍ റോള്‍സ് പഠിപ്പിച്ചു റെഗ്രെസ്സ് ചെയ്യിക്കരുത്. അത്രയും പക്വത എങ്കിലും കാണിക്കണം അച്ഛനമ്മമാര്‍’, ഹരീഷ് ശിവരാമകൃഷ്ണന് പറഞ്ഞു.
ഫേസ്ബുക്കിലൂടെയായിരുന്നു ഗായകന്റെ പ്രതികരണം. മകള്‍ അച്ചുവിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് വിഷയത്തില്‍ ഹരീഷ് ശിവരാമകൃഷ്ണന് കുറിപ്പിട്ടത്. ‘ഇതെന്റെ മകള്‍ ആണ് അച്ചു. കഴിച്ചു കഴിഞ്ഞ പാത്രം മോറി വെക്കാനും, ബെഡ്ഷീറ്റ് മടക്കി വെക്കാനും ഒക്കെ പറഞ്ഞു കൊടുത്തിട്ടുണ്ട് ഞങ്ങള്‍. ഈ പണി ഒക്കെ ഞങ്ങളും (അവളുടെ അപ്പയും അമ്മയും) ചെയ്യാറും ഉണ്ട്, വലിയ ആനകാര്യം ഒന്നുമല്ല അത്. പക്ഷേ വര്‍മ സാറേ, ഒരു ചെറിയ കുഴപ്പം ഉണ്ട്, ഇതൊന്നും പറഞ്ഞു കൊടുത്തത് ‘ചെന്ന് കേറുന്ന’ വീട്ടിലെ ഏതെങ്കിലും പ്രിവിലേജ് മൂത്ത ഒരുത്തന്റെ ജോലിക്കാരിയുടെ തസ്തികയ്ക്ക് അപേക്ഷിച്ചു വിജയിക്കാന്‍ അല്ല, അവളുടെ സ്വയം പര്യാപ്തതയ്ക്കാണ്- ഗായകന് കുറിച്ചു.
മകളെ എന്തൊക്കെ ജോലികളാണ് വീട്ടില്‍ പഠിപ്പിച്ചിരിക്കുന്നത് എന്ന അവതാരകയുടെ ചോദ്യത്തിന് മുക്ത നല്കിയ ഉത്തരമാണ് വിവാദമായത്. ‘അവളെ എല്ലാം പഠിപ്പിച്ചിട്ടുണ്ട്. കുക്കിങ്, ക്ലീനിങ് എല്ലാം പഠിപ്പിച്ചിട്ടുണ്ട്,’ എന്നായിരുന്നു മുക്തയുടെ മറുപടി.