കോഴിക്കോട്: കനാലില്‍ മുങ്ങിത്താഴ്ന്ന മൂന്ന് കുട്ടികളുടെ ജീവന് രക്ഷിക്കുന്നതിനിടെയില്‍ ഒഴുക്കില്‍പ്പെട്ട് 40കാരന് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലെ വടകരയിലാണ് ദാരുണ സംഭവം. അരയാക്കൂല്‍ താഴെയിലെ തട്ടാറത്ത് താഴ കുനി സഹീര്‍ (40) ആണ് മരിച്ചത്.
ജീവന് വേണ്ടി പിടഞ്ഞ കുട്ടികളെ രക്ഷിക്കുന്നതിനിടയില്‍ സഹീര്‍ വെള്ളത്തില്‍ മുങ്ങി പോവുകയായിരുന്നു. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. മാഹി കനാലില്‍ കുളിക്കാന്‍ ഇറങ്ങിയ മൂന്നു കുട്ടികളാണ് ഒഴുക്കില്‍ അകപ്പെട്ടത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നവരുടെ നിലവിളി കേട്ടാണ് സഹീര്‍ ഓടിയെത്തിയത്.
ഉടന്‍ തന്നെ ഇദ്ദേഹം കനാലിലേക്ക് ചാടി മൂന്നു കുട്ടികളെയും കരയ്ക്ക് എത്തിക്കുകയായിരുന്നു. എന്നാല്‍ ഇതിന് ശേഷം ഇയാള്‍ കയത്തില്‍പ്പെട്ട് മുങ്ങി പോകുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും സഹീറിനെ രക്ഷിക്കാനായില്ല.
പിന്നീട് വടകരയില്‍ നിന്ന് ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് തെരച്ചില്‍ തുടര്‍ന്നത്. ഒന്നര മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് സഹീറിന്റെ മൃതദേഹം ലഭിച്ചത്. മൃതദേഹം വടകര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാളെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.