തമിഴ് സിനിമാതാരം വിജയ് കുടുംബവുമായി അകല്‍ച്ചയിലാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മാതാപിതാക്കളെ കാണാന്‍ വിജയ് കൂട്ടാക്കുന്നില്ലെന്ന തരത്തിലുള്ള വാര്‍ത്തളാണ് ഉയര്‍ന്നത്. ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിജയിയുടെ പിതാവ് എസ്എ ചന്ദ്രശേഖര്‍.
കുടുംബവുമായി വിജയ് അകല്‍ച്ചയിലാണെന്ന വാര്‍ത്ത നിര്‍മ്മാതാവ് കൂടിയായ എസ്എ ചന്ദ്രശേഖര്‍ നിഷേധിച്ചു. തമിഴ് മാസികയ്ക്ക് നല്കിയ അഭിമുഖം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
‘ഞാനും ഭാര്യ ശോഭയും വിജയ്യെ കാണാനായി, അവന്റെ വീടിന്റെ മുന്നില്‍ പോയി നിന്നു. വിജയ്യോട് സെക്യൂരിറ്റി ഇക്കാര്യം പറഞ്ഞപ്പോള്‍, അമ്മയെ മാത്രം അകത്തേക്ക് കടത്തി വിടാന്‍ പറഞ്ഞു. എന്നാല്‍ എന്നെ കടത്തി വിടാത്തത് കാരണം ശോഭയും വിജയ്യെ കാണാന്‍ വിസമ്മതിച്ചു. ഒടുവില്‍ മകനെ കാണാന്‍ കഴിയാതെ ഞാനും ശോഭയും അവിടെ നിന്നും മടങ്ങി, ഇങ്ങനെയാണ് എന്റെ പേരില്‍ അച്ചടിച്ചു വന്നത്.’
‘എന്നാല്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. എനിക്കും മകനും ഇടയില്‍ ഇപ്പോള്‍ പ്രശ്നങ്ങളുണ്ട്. ഇല്ല എന്ന് ഞാന്‍ പറയില്ല. പക്ഷേ അവന് അവന്റെ അമ്മയോട് യാതൊരു തരത്തിലുമുള്ള പ്രശ്നങ്ങളും ഇല്ല. അവര്‍ എന്നും പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ട്. മാത്രമല്ല അവര്‍ ഇരുവരും സന്തുഷ്ടരാണ്. അവരുടെ സ്നേഹബന്ധത്തെ കുറിച്ച് തെറ്റായ വാര്‍ത്ത വന്നത് കാരണമാണ് പൊതുവിടത്തില്‍ ഇങ്ങനെ പ്രതികരിക്കേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.