എരുമേലി: എരുമേലി വാവർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ഓഫീസ് റൂമിന്റെ പൂട്ടുപൊളിച്ച് പണം കവർന്നതായി പരാതി. സ്കൂളിൽ സൂക്ഷിച്ച 9000 രൂപയും സ്കൂളിലെ നിരീക്ഷണ ക്യാമറകളും നശിപ്പിച്ചു.
പ്രധാനധ്യാപികയുടെ മുറിയിലെ അലമാര കുത്തിത്തുറന്ന് 4000 രൂപയും സ്റ്റാഫ് റൂമിലെ അലമാരയിലുണ്ടായിരുന്ന 5000 രൂപയുമാണ് കവർന്നത്. ശനിയാഴ്ച പുലർച്ചെയാണ് മോഷണം നടന്നതെന്ന് കരുതുന്നു.
തിങ്കളാഴ്ച രാവിലെ സ്കൂൾ അധികൃതർ എത്തിയപ്പോഴാണ് ഓഫീസ് റൂമിന്റെ വാതിൽ കുത്തിപ്പൊളിച്ചനിലയിൽ കണ്ടെത്തിയത്. വിരലടയാള വിദഗ്ധരും പോലീസ് ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. എരുമേലി എസ്എച്ച്ഒ എം മനോജിന്റെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപമുള്ള വീടുകളിലെ നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധനയ്ക്കെടുത്തു.