കൊല്ലം: ബസ്സില്‍ വെച്ച് യുവതിയുടെ സ്വര്‍ണമാലയും ഡയമണ്ട് ലോക്കറ്റും മോഷ്ടിച്ച കേസില്‍ തമിഴ്നാട് സ്വദേശികളായ സഹോദരിമാര്‍ പിടിയില്‍. ഇസാക്കി (40), സഹോദരി ഗായത്രി (36) എന്നിവരാണു കിളികൊല്ലൂര്‍ പൊലീസിന്റെ പിടിയിലായത്.
പാലക്കാട് റെയില്‍വേ പുറമ്പോക്കിലാണ് ഇവര്‍ താമസിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ 10.30നു കരിക്കോട് ബസ് സ്റ്റാന്‍ഡിനു സമീപത്താണു സംഭവം. ബസില്‍ കയറാന്‍ എത്തിയ കരിക്കോട് സ്വദേശിനിയായ പെണ്‍കുട്ടിയുടെ ബാഗിലുണ്ടായിരുന്ന ആഭരണങ്ങളാണ് ഇവര്‍ മോഷ്ടിച്ചത്.
50,000 രൂപയോളം വില വരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. സ്വകാര്യ ബസിലേക്കു കയറാന്‍ ശ്രമിക്കുന്നതിനിടെ മനഃപൂര്‍വം തിരക്ക് ഉണ്ടാക്കിയ ഇവര്‍ തന്ത്രപൂര്‍വം ആഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. ഇരുവരെയും റിമാന്‍ഡ് ചെയ്തു.