പെരുമ്പാവൂര്‍: മകളുടെ കല്യാണം ലളിതമായി ആഘോഷിച്ച് ഒപ്പം മറ്റൊരു പെണ്‍കുട്ടിയുടെ വിവാഹം കൂടി നടത്തി മുന്‍ കൗണ്‍സിലറിന്റെയും കുടുംബത്തിന്റെയും നന്മ. പെരുമ്പാവൂരിലെ മുന്‍ കൗണ്‍സിലര്‍ എന്‍ അശോകനും കുടുംബവുമാണ് സാമ്പത്തികമായി പിന്നോക്കമുള്ള ഒരു പെണ്‍കുട്ടിയുടെ വിവാഹ ചെലവുകള്‍ ഏറ്റെടുത്തത്.
പെരുമ്പാവൂര്‍ അരുണാലയത്തില്‍ അശോക് കുമാര്‍-സുജാത ദമ്പതിമാരുടെ മകള്‍ ഡോ. അഞ്ജലിയുടേയും ആലപ്പുഴ ചേപ്പാട് ഗീതാഞ്ജലിയില്‍ എന്‍ രാജന്റേയും ഗീതയുടേയും മകന് ക്യാപ്റ്റന്‍ ഡോ. രാഹുല്‍ രാജനും തമ്മിലുള്ള വിവാഹസത്കാര വേദിയിലാണ് അമൃതയുടേയും അഖിലിന്റേയും വിവാഹസത്കാരവും നടന്നത്.
മകളുടെ വിവാഹം ആഘോഷമായി നടത്താന്‍ നിശ്ചയിച്ചിരുന്നതായിരുന്നു അശോകന്. എന്നാല്‍ കോവിഡ് കാലത്ത് വിവാഹം ലളിതമാക്കേണ്ടി വന്നപ്പോഴാണ് മറ്റൊരു പെണ്‍കുട്ടിയുടെ വിവാഹം കൂടി നടത്താന്‍ തീരുമാനിച്ചത്. അങ്ങനെ അമൃതയ്ക്കാവശ്യമായ ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, ഉള്‍പ്പെടെ എല്ലാ ചെലവുകളും ഏറ്റെടുത്ത് നടത്തിയത് അശോക് കുമാറാണ്.
കുഴിപ്പിള്ളിക്കാവിലായിരുന്നു വിവാഹം. പെരുമ്പാവൂര്‍ പാത്തിക്കല്ക്കുടി വീട്ടില്‍ പരേതനായ അശോകന്റെ മകളാണ് അമൃത. വരന് ആലുവ കോട്ടപ്പടി വീട്ടില്‍ സുദേശന്റേയും കുമാരിയുടേയും മകനാണ് അഖില്‍. ഇവരുടെ വിവാഹം പെരുമ്പാവൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഹാളില്‍ നടന്നു. ഇരുദമ്പതികളുടേയും വിവാഹസത്കാരം ഒരുമിച്ച് പെരുമ്പാവൂര്‍ സീമ ഓഡിറ്റോറിയത്തില്‍ നടന്നു.