കേപ് കനാവര്‍: സൂര്യന്റെ രഹസ്യങ്ങളറിയാന്‍ നാസ വിഭാവനം ചെയ്ത സൗരപദ്ധതി പാര്‍ക്കര്‍ സോളാര്‍ പ്രോബ് വിക്ഷേപിച്ചു. ഫ്ലോറിഡയിലെ കേപ് കനാവര്‍ സ്റ്റേഷനില്‍ നിന്ന് ഇന്ന് ഉച്ചയ്ക്ക് ഡെല്‍റ്റ നാല് റോക്കറ്റിലാണ് പ്രോബ് വിക്ഷേപിച്ചത്. മനുഷ്യ നിര്‍മ്മിതിയില്‍ ഏറ്റവും വേഗമേറിയ വസ്തുവെന്ന നേട്ടം കൈവരിക്കാന്‍ കൂടിയാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബിന്റെ യാത്ര. സെക്കന്റില്‍ 190 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇതിന്റെ രൂപകല്‍പ്പന.
ഏഴ് വര്‍ഷം കൊണ്ട് സൂര്യനെ 24 തവണ ചുറ്റുകയാണ് ലക്ഷ്യം. സൂര്യന്റെ കൊറോണ എന്നറിയപ്പെടുന്ന അന്തരീക്ഷത്തെക്കുറിച്ചുള്ള പഠനമാണ് പദ്ധതിയുടെ ഉദ്ദേശ്യം. കൊറോണയാണ് ഭൂമിയിലേക്ക് ഇടയ്ക്കിടെ എത്തുന്ന സൗരവാതങ്ങളുടെ സ്വഭാവം പ്രധാനമായും നിശ്ചയിക്കുന്നത്. സൗരവാതങ്ങളെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ പാര്‍ക്കര്‍ നല്കുന്ന വിവരങ്ങള്‍ സഹായിക്കുമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. ഇതിനായി സൂര്യന്റെ 6.16 ദശലക്ഷം കിലോ മീറ്റര്‍ അടുത്തു വരെ പേടകം ചെല്ലും.
അതിശക്തമായ ചൂടില്‍ നിന്ന് രക്ഷപ്പെടാനുള്ള പ്രത്യേക കവചത്തോടെയാണ് പേടകം നിര്‍മ്മിച്ചിരിക്കുന്നത്. 1000 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ വരെ ചൂട് താങ്ങാന്‍ പേടകത്തിനാകും. നാസയ്ക്ക് പുറമെ സൂര്യനെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക പേടകത്തെ അയയ്ക്കാന്‍ യൂറോപ്യന്‍ സ്പേസ് ഏജന്‍സിക്കും പദ്ധതിയുണ്ട്. സോളോ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ബ്രിട്ടണില്‍ അവസാന ഘട്ട പരീക്ഷണങ്ങളിലാണ്. 2020 ല്‍ പദ്ധതി വിക്ഷേപിക്കാനാണ് ബ്രിട്ടന് ഉദ്ദേശിക്കുന്നത്. ആദിത്യ എല്‍ വണ്‍ എന്ന പേരില്‍ നമ്മുടെ ഇന്ത്യയും സൗരപദ്ധതി വികസിപ്പിക്കുന്നുണ്ട്.