കൊല്ലം : ബൈക്കുകള്‍ നേര്‍ക്കു നേരെ വന്നുവെന്ന കാരണത്താല്‍ അച്ഛനും മകനും ചേര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു. കൊല്ലം കരിമ്പോലിലാണ് കഴിഞ്ഞ ദിവസം ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ശക്തികുളങ്ങര കന്നിമേല്‍ചേരി ഓംചേരില്‍ കിഴക്കതില്‍ വിഷ്ണു (29) ആണ് കുത്തേറ്റു മരിച്ചത്.
സംഭവത്തില്‍ തമിഴ്നാട് സ്വദേശികളായ അച്ഛനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. മധുര സ്വദേശികളായ പ്രകാശ് (42), മകന് രാജപാണ്ഡ്യന്‍ (19) എന്നിവരാണ് പൊലീസ് പിടിയിലായത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു നാടിനെ നടുക്കിയ സംഭവം.
രാവിലെ 9.30 ഓടെ ഓട്ടോ ഡ്രൈവറായിരുന്ന വിഷ്ണുവും സുഹൃത്തും സഞ്ചരിച്ച ബൈക്കും പ്രതി പ്രകാശിന്റെ ബൈക്കും കരിമ്പോലില്‍ ജംഗ്ഷന് സമീപം നേര്‍ക്കുനേര്‍ വന്നു. അപ്പോള്‍ സൈഡ് കൊടുത്തില്ലെന്നു പറഞ്ഞ് വാക്കുതര്‍ക്കമുണ്ടായി. റോഡിലെ വെള്ളക്കെട്ടൊഴിവാക്കാന്‍ വിഷ്ണു ശ്രമിച്ചതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്.
ഇതേച്ചൊല്ലി പ്രകാശും വിഷ്ണുവും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും നടന്നു. തുടര്‍ന്ന് ഉച്ചയ്ക്ക് മകന് രാജപാണ്ഡ്യനെയും കൂട്ടി വീണ്ടും എത്തിയ പ്രകാശ് വിഷ്ണുവിന്റെ ബൈക്ക് തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് ഇറച്ചിവെട്ടുന്ന കത്തികൊണ്ട് കുത്തി വീഴ്ത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
തുടര്‍ന്ന് ബൈക്ക് ഉപേക്ഷിച്ച് അച്ഛനും മകനും ഓടിരക്ഷപ്പെട്ടു. കുത്തേറ്റ് റോഡില്‍ വീണുകിടന്ന വിഷ്ണുവിനെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ല. ഒടുവില്‍ പൊലീസ് എത്തിയാണ് വിഷ്ണുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. പക്ഷേ വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.