പാലക്കാട്: അയിയൂരില്‍ പത്ത് വര്‍ഷം കാമുകിയെ വീട്ടിലെ മുറിയില്‍ ഒളിപ്പിച്ചു താമസിപ്പിച്ച സംഭവം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സജിത ലവ് ജിഹാദിന്റെ ഇരയാണെന്ന് സംഘപരിവാര്‍ വൃത്തങ്ങളില്‍ നിന്നും ആരോപണമുയരുകയാണ്. സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് റഹ്മാന്.
സജിതയുടെ മതം മാറ്റാനുള്ള ശ്രമം താന്‍ നടത്തിയിട്ടില്ലെന്നും അത്തരം പ്രചരണം തെറ്റാണെന്നും റഹ്മാന് പറയുന്നു. ‘അവള്‍ക്കിഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാം. എനിക്ക് താല്പര്യമൊന്നുമില്ല മതം മാറ്റാന്‍. അവളുടെ രീതിയില്‍ അവള് ജീവിക്കട്ടെ. അത്തരം പ്രചരണം തെറ്റാണ്. മതം നോക്കിയില്ല സ്നേഹിച്ചത്,’ റഹ്മാന് പറഞ്ഞു.
ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയും നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സന്ദീപ് വചസ്പതിയുമുള്‍പ്പെടയുള്ളവരാണ് ലവ് ജിഹാദ് ആരോപണവുമായി രംഗത്തെത്തിയത്.’ഇതിനെ ദിവ്യ പ്രണയമായി അംഗീകരിച്ച് തൊണ്ട തൊടാതെ വിഴുങ്ങാനൊന്നും പറ്റില്ല. ഒരു പെണ്‍കുട്ടിയെ 10 വര്‍ഷം ലൈംഗിക അടിമയാക്കിയുള്ള പീഡനമാണ് സംഭവിച്ചത്.’- എന്നായിരുന്നു സന്ദീപ് വചസ്പതിയുടെ പ്രതികരണം.
”വന്‍ ക്രിമിനല്‍ പ്രവര്‍ത്തനം. അല്ലാതെ മൊയ്തീന്‍കാഞ്ചന മാല ടൈപ്പ് പ്രണയം ഒന്നുമല്ല. ഇതേപ്പറ്റി സമഗ്രമായ അന്വേഷണം വേണം. അല്ലാതെ ഇയാള്‍ പറയുന്ന കഥ വിശ്വസിച്ചാല്‍ വലിയ ഒരു കുറ്റകൃത്യമാണ് തേഞ്ഞുമാഞ്ഞു പോവുക. സ്റ്റോക്ഹോം സിന്‍ഡ്രോം ബാധിച്ച പെണ്‍കുട്ടിയെ അടിയന്തിരമായി വിദഗ്ധ ചികിത്സയ്ക്ക് വിധേയയാക്കണം,’ സന്ദീപ് വചസ്പതി ഫേസ്ബുക്കില്‍ കുറിച്ചു.
സ്വന്തം വീട്ടുകാര്‍ പോവും അറിയാതെയാണ് റഹ്മാന് കാമുകിയെ പത്ത് വര്‍ഷം വീട്ടിലൊളിപ്പിച്ചത്. പാലക്കാട് അയിലൂരിലാണ് സംഭവം നടന്നത്. അയിലൂര്‍ കാരക്കാട്ടുപറമ്പ് മുഹമ്മദ് ഖനിയുടെ മകന് റഹ്മാനാണ് (34) സമീപവാസിയായ സജിതയെ (28) അസൗകര്യങ്ങള്‍ നിറഞ്ഞ വീട്ടില്‍ മറ്റാരുമറിയാതെ വര്‍ഷങ്ങളോളം താമസിപ്പിച്ചത്.