തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷത്തെ മണ്‍സൂണ്‍ സീസണിലെ ആദ്യ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനപക്ഷം ശക്തിപ്പെടുമെന്നതിനാല്‍ കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
ഇന്ന് മുതല്‍ കേരളത്തില്‍ കാലവര്‍ഷം സജീവമാകുമെന്നാണ് കാലാവസ്ഥാനിരീക്ഷ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ന്യൂനമര്‍ദ്ദം ശക്തിപ്പെടുന്നതിനാല്‍ കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ ശക്തമായ മഴയും ഇടുക്കി, പാലക്കാട്, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയും പ്രതീക്ഷിക്കാം.
വരുംദിവസങ്ങളില്‍ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ മലയോര മേഖലകളില്‍ അതിശക്തമായ മഴയുണ്ടായേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. കേരളം കൂടാതെ കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളിലും ന്യൂനമര്‍ദ്ദം ശക്തിയാര്‍ജിക്കുന്നതിന്റെ ഭാഗമായി അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
കേരള,കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ 14 വരെ അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
കേരള തീരത്ത് വരുംദിവസങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചു.