ഇരവിനല്ലൂര്‍: കോവിഡ് രോഗിയുമായെത്തിയ ആംബുലന്‍സ് വഴിയൊരുക്കാന്‍ സ്വന്തം മതില് പൊളിച്ചു നല്കിയ രാജേഷിന്റെ വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ രാജേഷിന്റെ നന്മയെ നേരിട്ട് കണ്ട് അഭിനന്ദിക്കാന്‍ വീട്ടിലെത്തിയിരിക്കുകയാണ് ഉമ്മന്‍ചാണ്ടി എംഎല്‍എ.
ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ഉമ്മന്‍ചാണ്ടി രാജേഷിന്റെ വീട്ടിലെത്തിയത്. ആംബുലന്‍സിന് പോകാന്‍ വേണ്ടി പൊളിച്ചുമാറ്റിയ മതില് കെട്ടാനുള്ള സഹായവും നല്‍കാമെന്ന് രാജേഷിന് ഉറപ്പുനല്‍കിയതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.
ഏതാനും ദിവസം മുന്‍പാണ് സംഭവം. ആംബുലന്‍സിന് മുന്പോട്ടും പുറകോട്ടും പോകാനാകാതെ വന്നപ്പോള്‍ പുത്തന്‍പുരയില്‍ രാജേഷ് വീടിന് മുന്പിലെ മതില് പൊളിക്കുകയായിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍ ഇത് മൊബൈല്‍ ഫോണില്‍ പകര്‍ത്തി. പിന്നീടിത് നവമാധ്യമങ്ങളില്‍ വൈറലായി.
കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി കെ.എ.ചന്ദ്രന്, വാര്‍ഡ് പ്രസിഡന്റ് ഏബ്രഹാം മാമ്മന്‍, ജേക്കബ് പുന്നൂച്ചേരില്‍, ഷാജി, പി.ജി.രാജേഷ്, ഉദിക്കാമല ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് കെ.എന്‍.ബാലകൃഷ്ണന് എന്നിവര്‍ ഉമ്മന്‍ചാണ്ടിക്കൊപ്പമുണ്ടായിരുന്നു.