കണ്ണൂര്‍: ഇന്നലെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്നത് ചരിത്രമായിരുന്നു. തുടര്‍ച്ചയായ രണ്ടാം തവണയും മുഖ്യമന്ത്രിയായി പിണറായി വിജയന് അധികാരമേല്‍ക്കുന്ന ദൃശ്യങ്ങള്‍ പതിനായിരങ്ങളാണ് വീട്ടിലിരുന്ന് ടെലിവിഷന്‍ സ്ക്രീനിലൂടെ കണ്ടത്.
ആ ദൃശ്യങ്ങള്‍ ടിവിയില്‍ കണ്ട് വിതുമ്പുകയായിരുന്നു ചാലാടന് ജനാര്ദനന് എന്ന ബീഡിത്തൊഴിലാളി. സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റ മുഖ്യമന്ത്രി പിണറായി വിജയനെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അഭിനന്ദിക്കുന്ന ദൃശ്യത്തിന് ചുവടെ പുതുചരിത്രം പിറന്നുവെന്ന് ചാനലില്‍ എഴുതിക്കാണിച്ചപ്പോള്‍ ചാലാടന് ജനാര്ദനന് എന്ന ബീഡിത്തൊഴിലാളി വലതു മുഷ്ടിചുരുട്ടി ആ ദൃശ്യത്തെ ലാല്‍സലാം പറഞ്ഞ് അഭിവാദ്യം ചെയ്തു. പിന്നെ രണ്ടുകൈയും കോര്‍ത്തുപിടിച്ച് അഭിവാദ്യംചെയ്യുമ്പോള്‍ വിതുമ്പിപ്പോയി.
ജീവിതത്തില്‍ ഏറ്റവും ആഗ്രഹിച്ചിരുന്ന നിമിഷം വന്നുചേര്‍ന്നതിലെ ആനന്ദക്കണ്ണീരായിരുന്നു അത്. തന്റെ സമ്പാദ്യത്തിലെ 850 രൂപമാത്രം ബാക്കിവെച്ച് രണ്ടുലക്ഷം രൂപ മുഖ്യമന്ത്രിയുടെ വാക്സിന് ചലഞ്ചിലേക്ക് സംഭാവനചെയ്തയാളാണ് ജനാര്ദനന്.
അദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണവും ലഭിച്ചിരുന്നു. 216-ാം നമ്പര്‍ അതിഥിയായിട്ടായിരുന്നു ക്ഷണം. കൊവിഡ് സാഹചര്യം നിലനിര്‍ത്തിയും കൂടാതെ ഒരു വര്‍ഷംമുമ്പ് ഭാര്യ രജനി വിടപറഞ്ഞശേഷം ദൂരെ പോകാറില്ലാത്തതു കൊണ്ടും അദ്ദേഹം പോയില്ല. പകരം വീട്ടിലിരുന്ന് ടെലിവിഷനില്‍ കണ്ടാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. സത്യപ്രതിജ്ഞ ചടങ്ങിലേക്കുള്ള ക്ഷണക്കത്തുമായിവന്ന റവന്യൂ ഉദ്യോഗസ്ഥനോടും ഇത് സൂചിപ്പിച്ചിരുന്നു.