കണ്ണൂര്‍: കേരളത്തില്‍ വാക്സിന് സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ വാക്സിന് ചലഞ്ച് ക്യാപെയിനിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരളക്കരയുടെ സ്നേഹം നിറയുകയായിരുന്നു. കുഞ്ഞുമക്കള്‍ മുതല്‍ മുതിര്‍ന്നവരെ വാക്സിന് ചലഞ്ചില്‍ പങ്കാളികളായി എത്തി.
വാക്സിന് വാങ്ങാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം നല്കാന് 11കാരന് കണ്ടെത്തിയ വഴിയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. തന്റെ സ്നേഹം മുഴുവന്‍ കൊടുത്ത് വളര്‍ത്തിയ പ്രാവിനെ ലേലം ചെയ്തുകൊണ്ടാണ് കുഞ്ഞുകുട്ടിയുടെ ഈ മാതൃകാ പ്രവര്‍ത്തി.
പിണറായിയിലെ യദു ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം. ബാലസംഘത്തിലെ കൂട്ടുകാര്‍ ചേര്‍ന്ന് വിഷുക്കൈനീട്ടം മുഖ്യമന്ത്രിക്ക് കൊടുത്ത കൂട്ടത്തില്‍ യദുനന്ദനും ഉണ്ടായിരുന്നു. പക്ഷേ അവനത് മതിയായില്ല. അങ്ങനെയാണ് തന്റെ പ്രാവിനെ ലേലം ചെയ്യാമെന്ന ഐഡിയ യദുവിന് ഉണ്ടായത്.
ഒന്നര വര്‍ഷമായി വളര്‍ത്തുന്ന പ്രാവിനെ ആണ് യദു ലേലത്തിന് വച്ചത്. ഫേസ് ബുക്ക് വഴിയാണ് ലേലം. ലേലത്തിലൂടെ കിട്ടുന്ന പണം മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കുമെന്നും യദു പറയുന്നു.യദുവിന്റെ വീട്ടില്‍ വേറെയും പ്രാവുകള്‍ ഉണ്ട്. അവരെയും വില്‍ക്കുമോയെന്ന് ചോദിച്ചപ്പോള്‍ യദു ചിരിച്ചുകൊണ്ട് പറവകളെ ചേര്‍ത്ത് പിടിച്ചു.