കൊച്ചി: മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ നവീന്‍ റസാഖിന്റെയും ജാനകി ഓംകാറിന്റെയും റാസ്പുടിന് നൃത്തച്ചുവടുകള്‍ സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. വീഡിയോ കാണാത്തവരായി അപൂര്‍വ്വം ആളുകള്‍ മാത്രമെ ഉണ്ടാവൂ. വൈറലായിരുന്നു ഇരുവരുടെയും ഡാന്‍സ് വീഡിയോ.
ഇരുവര്‍ക്കെതിരെ സംഘപരിവാര്‍ വിദ്വേഷ പ്രചാരണം കൂടിയായതോടെ നൃത്തവീഡിയോ വീണ്ടും ശ്രദ്ധ നേടുകയും ചെയ്തു. നിരവധി മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് ജാനകിയെയും നവീനെയും അനുകരിച്ച്് വീഡിയോ ചെയ്തത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഇപ്പോഴിതാ ജാനകിക്കും നവീനും ക്രീയേറ്റീവ് വെല്ലുവിളി തീര്‍ത്ത് രംഗത്തുവന്നിരിക്കുകയാണ് മറ്റൊരാള്‍.
സമീപ ദിവസങ്ങളില്‍ വൈറലായ ഇയാള്‍ ആരെന്ന് അന്വേഷണം സോഷ്യല്‍ മീഡിയയില്‍ തകൃതിയായി തുടരുകയാണ്. ‘ഡ്രങ്കണ്‍ വേര്‍ഷന്‍ ഓഫ് റാസ്പുടിന്’ എന്നാണ് പുതിയ വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയ നല്‍കിയിരിക്കുന്ന പേര്. കോമഡി സ്കിറ്റുകളില് സജീവമായിരുന്ന ‘അയ്യപ്പ ബൈജു’വിന് സമാന വേഷത്തിലാണ് ഡാന്‍സര്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
നല്ല വെള്ളമാണെന്ന് ഒറ്റ നോട്ടത്തില്‍ തോന്നുന്ന മികച്ച അഭിനയം. തമാശയായി തോന്നുമെങ്കിലും ഇയാളുടെ ചുവടുകള്‍ക്ക് പ്രൊഫഷണല്‍ രീതികളുണ്ട്. മദ്യപന്റെ എല്ലാ രീതികളും ഉള്‍ക്കൊള്ളുന്നതാണ് കോറിയോഗ്രഫിയെന്നതും ശ്രദ്ധേയമാണ്.