കൊച്ചി: കേരളത്തിലും ലക്ഷദ്വീപിലും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍ ഒന്ന് രണ്ട് സ്ഥലങ്ങളില്‍ മഴ ലഭിച്ചപ്പോള്‍ ലക്ഷദ്വീപില്‍ പൂര്‍ണമായും വരണ്ട കാലാവസ്ഥയായിരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദമാണ് മധ്യ കേരളത്തില്‍ മഴ ശക്തമാക്കിയത്.
വ്യാഴാഴ്ച ഉച്ച മുതല്‍ എറണാകുളം, തൃശൂര്‍, ഇടുക്കിയുടെ ചിലഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഇടിയോടു കൂടി ശക്തമായ മഴ പെയ്തു. വോട്ടെടുപ്പു ദിവസം വരെ മഴയുണ്ടാകുമെന്നാണ് പ്രവചനം. പടിഞ്ഞാറന്‍ കാറ്റിനും ശക്തിയും കൂടി. അറബിക്കടലിലെ ന്യൂനമര്‍ദം ദുര്‍ബലമായി.
ഇതോടെ തെക്കന്‍ കേരളത്തില്‍ വേനല്‍ മഴയ്ക്കുള്ള സാധ്യത തല്ക്കാലം ഒഴിവായി. രാജ്യത്തിന്റെ ദക്ഷിണ തീരത്തുനിന്ന് അകലെയാണ് ബംഗാള്‍ ഉള്‍ക്കടലില്‍ രുപമെടുത്തിരിക്കുന്ന ന്യൂനമര്‍ദം. എങ്കിലും അതിനുള്ളിലേക്ക് ദൂരെ നിന്നുപോലും കാറ്റിനെ വലിച്ചെടുക്കുന്നതാണ് മഴയ്ക്കു കാരണമാകുന്നത്.
ഇപ്പോഴുണ്ടായ സവിശേഷമായ ന്യൂനമര്‍ദമഴ നാലോ അഞ്ചോ ദിവസങ്ങള്‍ തുടര്‍ന്നതിനുശേഷം ദുര്‍ബലമാകും. ശക്തമായ ഉഷ്ണതരംഗം പ്രതീക്ഷിച്ചിരുന്നെങ്കിലും മഴമേഘങ്ങള്‍ സൂര്യരശ്മികളെ തടുത്തുനിര്‍ത്തിയതുകൊണ്ട് സംസ്ഥാനത്ത് ശരാശരി അന്തരീക്ഷ താപനില 35 ഡിഗ്രി സെല്‍ഷ്യസില്‍ ഒതുങ്ങി. മറിച്ചായിരുന്നെങ്കില്‍ സൂര്യാഘാതം ഉണ്ടാകുമായിരുന്നു.
ചേര്‍ത്തലയില്‍ മൂന്ന് സെന്റിമീറ്ററും എറണാകുളത്ത് ഒരു സെന്റിമീറ്ററുമാണ് മഴ രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറില്‍ പരമാവധി താപനില എറണാകുളം, കോട്ടയം, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ കുറഞ്ഞു. മറ്റ് സ്ഥലങ്ങളില്‍ സാധാരണ നിലയില്‍ തുടുരുകയും ചെയ്തു.
പാലക്കാടാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് 38 ഡിഗ്രി സെല്‍ഷ്യസ്. പുനലൂരില്‍ കുറഞ്ഞ താപനിലയും രേഖപ്പെടുത്തി, 23 ഡിഗ്രി സെല്‍ഷ്യസ്. അടുത്ത അഞ്ച് ദിവസവും കേരളത്തില്‍ ഒന്ന് രണ്ട് സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏപ്രില്‍ അഞ്ച് വരെ ഇടിമിന്നല്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാദ്ധ്യത കൂടുതലാണ്. (ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം). മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാദ്ധ്യത. ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണെന്നും മുന്നറിയിപ്പില്‍ പറയുന്നു.