കൊച്ചി: കലാഭവന്‍ ഷാജോണും കുടുംബവും കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന രീതിയില്‍ സമൂഹമാധ്യമത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കലാഭവന്‍ ഷാജോണിപ്പോള്. താന്‍ ഒരു പാര്‍ട്ടിയിലും ചേര്‍ന്നിട്ടില്ലെന്നും, തെരഞ്ഞെടുപ്പ് സമയത്ത് വരുന്ന വ്യാജ വാര്‍ത്തകളാണ് അവയെന്നും ഷാജോണ്‍ പറഞ്ഞു.
ഫേസ്ബുക്കിലൂടെയാണ് ഷാജോണ്‍ ഇക്കാര്യം വ്യക്തമാക്കിയത്. കോണ്‍ഗ്രസില്‍ ചേര്‍ന്നു എന്ന വാര്‍ത്ത പങ്കുവെച്ചായിരുന്നു താരത്തിന്റെ പോസ്റ്റ്. ഇതൊരു വ്യാജവാര്‍ത്തയാണെന്നും ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ ആരും വിശ്വസിക്കരുതെന്നും ഷാജോണ്‍ കൂട്ടിച്ചേര്‍ത്തു.
മിമിക്രി വേദികളില്‍ നിന്നും 1991ലാണ് ഷാജോണ്‍ മൈ ഡിയര്‍ കരടി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തുന്നത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ കോമഡി വേഷങ്ങള്‍ ചെയ്തു. ചെറിയ കോമഡി വേഷങ്ങളിലൂടെ ശ്രദ്ധേയനായിരുന്നെങ്കില്‍ 2013ല്‍ മോഹന്‍ലാലിന്റെ ദൃശ്യം എന്ന ചിത്രത്തിലെ വേഷത്തിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്.
ദൃശ്യത്തിലെ കോണ്‍സ്റ്റബിള്‍ സഹദേവന് എന്ന വില്ലന്‍ കഥാപാത്രത്തിന് മികച്ച വില്ലനുള്ള മൂന്ന് പുരസ്കാരങ്ങള്‍ നേടിക്കൊടുത്തു. അതിന് പുറമെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ താരത്തിന് പ്രത്യേക പരാമര്‍ശവും ലഭിച്ചിരുന്നു. തുടര്‍ന്ന് 2019ല്‍ താരം തന്റെ ആദ്യ സിനിമ സംവിധാനം ചെയ്യുകയും ചെയ്തു. ബ്രദേഴ്സ് ഡേ എന്ന ചിത്രത്തില്‍ പൃഥ്വിരാജായിരുന്നു കേന്ദ്ര കഥാപാത്രമായത്.