കോട്ടയം: വരുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട് സ്വതന്ത്രയായി മത്സരിക്കുന്ന മഹിള കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതിക സുഭാഷിന് പിന്തുണയുമായി ‘വുമണ്‍ ഫോര്‍ പൊളിറ്റിക്കല്‍ ജസ്റ്റിസ്’. ലതിക സുഭാഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തി പകര്‍ന്ന് ‘വുമണ്‍ ഫോര്‍ പൊളിറ്റിക്കല്‍ ജസ്റ്റിസ്’ സംഘടനയുടെ പ്രവര്‍ത്തകര്‍ രംഗത്തെത്തി.
കേരളത്തിലെ മുഴുവന്‍ സ്ത്രീകളുടേയും ആത്മാഭിമാനം സംരക്ഷിക്കുക, പാതി ഭൂമിക്ക് അവകാശികളായവരെ നിയമസഭയില്‍ എത്തിക്കുക എന്നീ ലക്ഷ്യത്തോടെയാണ് തങ്ങള്‍ ഏറ്റുമാനൂരില്‍ ലതികാസുഭാഷിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കുന്നതെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
താന്‍ പ്രവര്‍ത്തിക്കുകയും പ്രതീക്ഷിക്കുകയും ചെയ്ത ഏറ്റുമാനൂര്‍ സീറ്റ് ലഭിക്കാതിരുന്നതില്‍ പ്രതിഷേധിച്ചായിരുന്നു മഹിള കോണ്‍ഗ്രസ് അധ്യക്ഷ പാര്‍ട്ടി വിട്ടത്. തലമുണ്ഡനം ചെയ്തുകൊണ്ടായിരുന്നു അവരുടെ പ്രതിഷേധം. സ്വതന്ത്രയായി മത്സരിക്കുന്ന ലതിക സുഭാഷിനായി ഇതിനകം പോസ്റ്റര്‍ ക്യാമ്പയിന് ആരംഭിച്ചു.
ശനിയാഴ്ച്ച മുതല്‍ ഭവന സന്ദര്‍ശനത്തിലും ഫീല്‍ഡ് വര്‍ക്കിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഇവര്‍ പറഞ്ഞു. വണ്‍ ഇന്ത്യാ വണ്‍ പെന്ഷന് സംഘനയും നേരത്തെ ലതികാ സുഭാഷിന് പിന്തുണ പ്രഖ്യാപിച്ചെത്തിയിരിക്കുന്നു. സംഘടന സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു എം. ജോസഫ്, നിയോജക മണ്ഡലം പ്രസിഡന്റ് ജോര്‍ജ് ആന്‍ഡ്രൂസ്, ബേബി മരുതനാടി എന്നിവര്‍ ഏറ്റുമാനൂര്‍ തെള്ളകത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ എത്തിയാണ് പിന്തുണ പ്രഖ്യാപിച്ചത്.
‘അതിജീവനത്തിനായുള്ള പോരട്ടത്തില്‍ എന്നും നിങ്ങള്‍ക്കൊപ്പം’, എന്ന ലതികാ സുഭാഷിന്റെ മുദ്രാവാക്യത്തോടൊപ്പമാണ് അവര്‍ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ഒഐഒപി രംഗത്തെത്തിയത്. അറുപത് വയസുകഴിഞ്ഞ എല്ലാ ഇന്ത്യക്കാര്‍ക്കും പെന്ഷന് എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച സംഘടനയാണ് ഒഐഒപി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടുക്കിയിലാണ് സംഘടന ആദ്യമായി അക്കൗണ്ട് തുറന്നത്.