തൊടുപുഴ: ചെറുതോണിയിലെ ഒരു ഷട്ടര്‍ ഉയര്‍ത്തി ജലമൊഴുക്കിവിട്ടിട്ടും ഇടുക്കി റിസര്‍വോയറില്‍ ജലനിരപ്പ് കുറയാത്ത സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടില്‍നിന്നു വെള്ളിയാഴ്ച രാവിലെ മുതല്‍ കൂടുതല്‍ വെള്ളം തുറന്നുവിടും.
രാവിലെ ആറു മുതല്‍ 100 ക്യുമെക്സ് വെള്ളമായിരിക്കും തുറന്നുവിടുക. അതായത് സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം. ഇപ്പോള്‍ തുറന്നുവിടുന്നതിന്റെ നേരെ ഇരട്ടിയാകും ഇത്. പെരിയാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അധികൃതര്‍ വെള്ളപ്പൊക്ക ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതും നീരൊഴുക്കു വര്‍ധിച്ചതും കണക്കിലെടുത്ത് ഇടുക്കിയില്‍ കെഎസ്ഇബി അതീവ ജാഗ്രതാ നിര്‍ദേശം (റെഡ് അലര്‍ട്ട്) പുറപ്പെടുവിച്ചിരുന്നു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് 24 മണിക്കൂറിനുശേഷമേ ഷട്ടറുകള്‍ തുറക്കൂ എന്നാണു മുമ്പ് അറിയിച്ചിരുന്നതെങ്കിലും ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തിടുക്കത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുകയായിരുന്നു. ട്രയല്‍ റണ്ണിനായി ഒരു ഷട്ടര്‍ തുറന്നെങ്കിലും 2400.20 അടിയാണു ഇടുക്കി അണക്കെട്ടില്‍ വ്യാഴാഴ്ച വൈകിട്ട് എട്ടിനുള്ള ജലനിരപ്പ്.
ഇടുക്കി ഡാമില്‍ ജലനിരപ്പ് കുറയാത്ത സാഹചര്യത്തില്‍ ട്രയല്‍ റണ്‍ തുടരുമെന്നും കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ചെറുതോണി അണക്കെട്ടിലെ അഞ്ച് ഷട്ടറുകളില്‍ ഒന്ന് 50 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. നാല് മണിക്കൂര്‍ സമയത്തേക്കായിരുന്നു ഇത് നിശ്ചയിച്ചിരുന്നത്. എന്നാല്‍ വെള്ളം ഒഴുക്കി വിട്ടിട്ടും ഇടുക്കിയിലെ ജലനിരപ്പ് താഴാത്തതിനാല്‍ ട്രയല്‍ റണ്‍ രാത്രിയിലും തുടരാന്‍ കെഎസ്ഇബി തീരുമാനിക്കുകയായിരുന്നു. രാത്രി നീരൊഴുക്ക് ഇതേനിലയില്‍ തുടര്‍ന്നാലും, ഡാമിന്റെ പരമാവധി സംഭരണശേഷിയായ 2403 അടി വരെ എത്തില്ലെന്നാണ് കെഎസ്ഇബി അധികൃതരുടെ ഇപ്പോഴത്തെ വിലയിരുത്തല്‍.