തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ ചര്‍ച്ച വിഷയം നേമത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ ‘ഇല്ല’കള്‍ നിറഞ്ഞുനില്ക്കുന്ന സത്യവാങ്മൂലമാണ്. സ്വന്തമായി വീടില്ല, ബാധ്യതകള്‍ ഇല്ല, വിലപിടിപ്പുള്ള വസ്തുക്കള്‍ ഇല്ല തുടങ്ങി ഇല്ലായ്മയുടെ ഒരു വലിയ നിര സത്യവാങ്നമൂലത്തില്‍ കാണാം.
സ്വന്തമായി വാഹനം ഇല്ല, സ്വന്തമായി വീട് ഇല്ല, ഏതെങ്കിലും വ്യക്തിയില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ വായ്പ സ്വീകരിക്കുകയോ വായ്പ കൊടുക്കാനോ ഇല്ല, ബാധ്യതകള്‍ ഇല്ല, ജീവിത പങ്കാളി ഇല്ല, ഇന്‍ഷൂറന്‍സ് കമ്പനികളിലോ ബാങ്കിലോ നിക്ഷേപങ്ങള്‍ ഇല്ല, സ്വര്‍ണാഭരണങ്ങളോ മറ്റ് വിലപ്പിടിപ്പുള്ള വസ്തുക്കളോ ഇല്ല തുടങ്ങി ‘ഇല്ല’കള്‍ നിറഞ്ഞു നില്‍ക്കുകയാണ്.
സ്വന്തമായി വീടില്ലാത്ത കുമ്മനം മേല്‍വിലാസമായി ബിജെപി സംസ്ഥാന ഓഫീസിന്റെ മേല്‍വിലാസമാണ് നല്‍കിയിരിക്കുന്നത്. മിസോറാം ഗവര്‍ണറായിരിക്കെ നല്കിയ മുഴുവന്‍ ശമ്പളവും സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയെന്നാണ് കുമ്മനത്തിന്റെ വിശദീകരണം.
കുമ്മനം രാജശേഖരന്റെ കൈയ്യില്‍ ആകെ ആയിരം രൂപയും രണ്ട് ബാങ്ക് അക്കൗണ്ടിലായി 46,584 രൂപയുമുണ്ട്. ഇതിന് പുറനേ ജന്മഭൂമി പത്രത്തില്‍ 5000 രൂപയുടെ ഓഹരിയുമുണ്ട്.