ഇരുണ്ട നിറം, വശ്യമാര്‍ന്ന കണ്ണുകള്‍, തിളങ്ങുന്ന ചര്‍മം. മോഡലിങ് രംഗത്ത് താരമായ ഒരു സുന്ദരിക്കു പിന്നാലെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. പക്ഷേ ആരാധകര്‍ ഏറെയുള്ള ഈ മോഡല്‍ ഒരു യഥാര്‍ഥ യുവതിയല്ല. കറുപ്പിനഴകുമായി ഹൃദയം കവര്‍ന്ന ഷുഡു എന്ന ഈ സൂപ്പര്‍ മോഡല്‍ ഒരു ഡിജിറ്റല്‍ മോഡല്‍ മാത്രമാണ്. അതിനാല്‍ തന്നെ ഈ മോഡലിന് മരണമില്ല. എന്നും നിത്യ യൗവ്വനം മാത്രം.
ഷുഡുവിന്റെ ചിത്രങ്ങള്‍ വൈറലായതോടെ അവള് യഥാര്‍ഥത്തില്‍ ആരാണെന്ന് അറിയാന്‍ നിരവധി പേര് ആഗ്രഹം പ്രകടിപ്പിച്ചരുന്നു, ഈ സാഹചര്യത്തിലാണ് കാമറോണ്‍ ഷുഡു തന്റെ ഡിജിറ്റല്‍ ഭാവനയാണെന്ന് ലണ്ടന്‍ സ്വദേശി കാമറോണ്‍ ജെയിംസ് വ്യക്തമാക്കിയത്. ലോകത്തിലെ ആദ്യത്തെ ഡിജിറ്റല്‍ സൂപ്പര്‍ മോഡല്‍ എന്നാണ് ഷുഡു അറിയപ്പെടുന്നത്.
ഷുഡുവിനെപോലുള്ള ഡിജിറ്റല്‍ മോഡലുകള്‍ ഭാവിയില്‍ മോഡലിങ് രംഗം കീഴടക്കുമെന്ന് കരുതുന്നവരും കുറവല്ല. മറ്റു മോഡലുകളെപ്പോലെ മറ്റാര്‍ക്കു വേണ്ടിയും റാംപില്‍ ചുവടുവെക്കാത്ത തീര്‍ത്തും വ്യത്യസ്തമായ ഡിജിറ്റല്‍ മോഡലുകള്‍ക്ക് ആവശ്യക്കാരേറുമെന്നും പറയപ്പെടുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള ഡിജിറ്റല്‍ മോഡലുകള്‍ സൗന്ദര്യത്തെക്കുറിച്ചുള്ള സ്ത്രീകളുടെ കാഴ്ച്ചപ്പാടില്‍ തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തുമെന്നും വിമര്‍ശനങ്ങളുണ്ട്. ഡിജിറ്റല്‍ മോഡലുകള്‍ മനുഷ്യ മോഡലുകളോട് മല്‍സരിക്കില്ലെന്നും മറിച്ച് അവര്‍ക്ക് അവരുടേതായൊരു ലോകമുണ്ടാകുമെന്ന് കാമറോണ്‍ പറയുന്നു.