കൊച്ചി: കുതിച്ചുയരുന്ന പാചക വാതക-ഇന്ധന വിലയില്‍ പ്രതിഷേധിച്ച് കൂട്ടമൊട്ടയടി. കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചത്. കൊച്ചിയില്‍ രാവിലെ 11 ന് പനമ്പിള്ളി നഗര്‍ ഐഒസി ഓഫീസിന് മുന്നിലാണ് പ്രതിഷേധിച്ചത്.
പാചക വാതക-ഇന്ധന വില വര്‍ധനയില്‍ ഭാരവാഹികള്‍ തലമൊട്ടയടിച്ച് പ്രതീകാത്മകമായി പിച്ച ചട്ടിയെടുത്താണ് പ്രതിഷേധിച്ചത്. സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ ഉള്‍പ്പെടെ നിരവധി പേര് തലമൊട്ടയടിച്ചു. പാചകവാതകത്തിന് വിലകൂട്ടിയതോടെ ഹോട്ടലുകള്‍ക്ക് ദിവസം 1500 രൂപയുടെ അധിക ബാധ്യതയാണ് വരുന്നത്.
കോവിഡിനെ തുടന്ന് പ്രതിസന്ധിയിലായ ഹോട്ടല്‍ മേഖലക്ക് കനത്ത തിരിച്ചടിയാണ് ഇതുണ്ടാക്കിയത്. ഹോട്ടലുടമകളില്‍ ഭൂരിഭാഗവും കടക്കെണിയിലാണെന്ന് ഭാരവാഹികള്‍ പറയുന്നു. ഭക്ഷണവിഭവങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാതെ പിടിച്ചുനില്ക്കാന് കഴിയാത്ത സാഹചര്യമാണ്.
പാചകവാതകത്തിന്റെ വില കുത്തനെ ഉയര്‍ന്നതോടെ, വരുമാനത്തേക്കാള്‍ കൂടുതല്‍ ചെലവ് ഉയര്‍ന്നതായി ഭാരവാഹികള്‍ പറയുന്നു.