തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യം കണക്കിലെടുത്ത് കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കൂടുതല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. 72 മണിക്കൂറിനുള്ളില്‍ പരിശോധിച്ച ആര്‍ടിപിസിആര്‍ ഫലം കേരളത്തില്‍ നിന്നും എത്തുന്നവര്‍ കയ്യില്‍ കരുതണം എന്ന് തമിഴ്നാടും ബംഗാളും അറിയിച്ചു.
നേരത്തെ കര്‍ണ്ണാടകയും ഡല്‍ഹിയും ഇതേ ആവശ്യം മുന്നോട്ടുവെച്ചിരുന്നു. കേരളത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് സംസ്ഥാനങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കടന്നത്. കര്‍ണ്ണാടക, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറമേ മഹാരാഷ്ട്ര, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, എന്നീ സംസ്ഥാനങ്ങളാണ് കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്.
അതേസമയം നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരേ നല്കിയ ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതി ബുധനാഴ്ച്ച നോട്ടീസ് അയച്ചു. പുതിയ നിയന്ത്രണങ്ങള്‍ കൊവിഡ്-19 അണ്‍ലോക്ക് നാലാം ഘട്ടത്തില്‍ പറഞ്ഞിരിക്കുന്ന യാത്രാ ഇളവിന് എതിരാണെന്ന് ചൂണ്ടികാട്ടി മംഗളുരൂ അഭിഭാഷകനായ ബി സുബയ്യ റായി നല്കിയ പരാതിയിലാണ് ഹൈക്കോടതി ബെഞ്ചിന്റെ നടപടി.
അണ്‍ലോക്ക് നാലിലെ മാര്‍ഗനിര്‍ദേശം നിലവിലിരിക്കെ എങ്ങനെയാണ് അതിര്‍ത്തിയില്‍ യാത്രക്കാരെ തടയുകയെന്ന് അഡ്വക്കറ്റ് ജനറലിനോട് കോടതി ചോദിച്ചു. എന്നാല്‍ അന്തര്‍സംസ്ഥാന വാഹനങ്ങളേയും യാത്രക്കാരേയും തടയുകയല്ല, ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നായിരുന്നു അഡ്വക്കറ്റ് ജനറലിന്റെ വിശദീകരണം.