തൃശ്ശൂര്‍: മമധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമയിലേക്ക് വീണ്ടും ധന സഹായം ആവശ്യപ്പെട്ട് സംവിധായകന് അലി അക്ബര്‍ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് അലി അക്ബര്‍ പണം ആവശ്യപ്പെട്ടത്. നിങ്ങളെല്ലാവരും കൂടെയുണ്ടാകുമെന്ന ധൈര്യമാണ് ഞങ്ങളെ മുന്നോട്ട് കൊണ്ടു പോകുന്നതെന്ന് സംവിധായകന് പറയുന്നു.
നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനത്തിന്റെ വേഗതയിലേക്ക് സഹായമാണ് പൈസ ആവശ്യപ്പെട്ടിരിക്കുന്നത്. സിനിമയുടെ ആവശ്യത്തിനായി തോക്കും, മറ്റ് സാധനങ്ങളും ഉണ്ടാക്കുന്ന ചിത്രം പങ്കുവെച്ചാണ് അലി അക്ബര്‍ ധന സഹായത്തിന്റെ കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യ ഘട്ടത്തില്‍ ഒരു കോടി മതിയെന്നും, ഇനിയും സഹായിക്കണമെന്നും നേരത്തെ അലി അക്ബര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. മലയാള സിനിമയിലെ പ്രമുഖരാണ് സിനിമയില്‍ അഭിനയിക്കുന്നതെന്നും, അവര്‍ക്കുള്ള അഡ്വാന്‍സ് കൊടുത്തെന്നും അലി അക്ബര്‍ അറിയിച്ചു.
ഫെബ്രുവരി 20ന് വയനാട്ടില്‍ വെച്ചാണ് 1921ന്റെ ചിത്രീകരണം ആരംഭിച്ചത്. സ്വാമി ചിദാനന്തപുരിയാണ് കോഴിക്കോട് വെച്ച് നടന്ന പൂജ ഉദ്ഘാടനം ചെയ്തത്. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു പൂജ. പൂജയുടെ ചിത്രങ്ങളും വീഡിയോയും അലി അക്ബര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു.
25-30 ദിവസം വരെയായിരിക്കും 1921ന്റെ ആദ്യ ഷെഡ്യൂള്‍. മൂന്ന് ഷെഡ്യൂളുകളായിട്ടായിരിക്കും ചിത്രം പൂര്‍ത്തിയാക്കുക. ഹരി വേണുഗോപാലാണ് ചിത്രത്തിന്റെ സംഗീത ഒരുക്കുന്നത്. അലി അക്ബര്‍ ആണ് വരികള്‍ എഴുതുന്നത്.