അടുത്ത കാലത്ത് തെന്നിന്ത്യന്‍ സിനിമാ മേഖല കണ്ട ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു തൃഷയേയും ചിമ്പുവിനേയും കേന്ദ്രകഥാപാത്രങ്ങളാക്കി ഗൗതം വാസുദേവ മേനോന് ഒരുക്കിയ വിണ്ണൈതാണ്ടി വരുവായാ എന്ന ചിത്രം.
ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്ന കാര്യം അടുത്തിടെയാണ് ഗൗതം മേനോന് പ്രഖ്യാപിച്ചത്. ചിത്രത്തില്‍ നായകന് ചിമ്പു തന്നെയായിരിക്കും, പക്ഷെ നായിക ആരാകും എന്നതായിരുന്നു ചോദ്യം. തൃഷ അവതരിപ്പിച്ച ജെസി എന്ന കഥാപാത്രം രണ്ടാം ഭാഗത്തില്‍ അനുഷ്കയാകും കൈകാര്യം ചെയ്യുക എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഇടക്കാലത്ത് ചിമ്പുവുമായുള്ള ബന്ധം വഷളാകുകയും മാധവനെ നായകനാക്കി ചിത്രം ഒരുക്കുമെന്ന് ഗൗതം മേനോന് പറയുകയും ചെയ്തിരുന്നു. എന്നാല്‍ ചിമ്പുവുമായുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചതിനെ തുടര്‍ന്നാണ് ചിത്രത്തില്‍ ചിമ്പു തന്നെയായിരിക്കും നായകന് എന്ന് സംവിധായകന് പ്രഖ്യാപിച്ചത്.
വിടിവി 2 എന്നാണ് ചിത്രത്തെക്കുറിച്ച് പറയുന്നത്. രണ്ടാം ഭാഗം ഒരു മള്‍ട്ടി സ്റ്റാറര്‍ ചിത്രംകൂടിയായിരിക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ നാലു ഭാഷകളില്‍ നിന്നായി നാലു നായകന്മാര് ഉണ്ടാകും. ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം തുടങ്ങാനാണ് സംവിധായകന്റെ തീരുമാനം.
ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിണ്ണെത്താണ്ടി വരുവായയില്‍ അവസാനിപ്പിച്ച കാര്‍ത്തിക്കിന്റെ പിന്നീടുള്ള ജീവിതമാണ് സിനിമയില്‍. കാര്‍ത്തിക് ഒരു പ്രശസ്തനായ സംവിധായകനായി മാറുകയും എന്നാല്‍ അവിവാഹിതനായി തുടരുകയുമാണ്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തിന്റെ വിവാഹ ചടങ്ങില്‍ വച്ച് പഴയ കൂട്ടുകാരെ കണ്ട് മുട്ടുകയും ഒരു റോഡ് ട്രിപ്പ് പോകുന്നതുമാണ് രണ്ടാം ഭാഗത്തില്‍ സംവിധായകന് പറയുന്നത്.