പുതുക്കാട്: മന്ത്രി സി രവീന്ദ്രനാഥിന്റെ പുതുക്കാട് ക്യാംപ് ഓഫീസിന്റെ ഓട് പൊളിച്ച് അകത്തുകടന്ന് മോഷണശ്രമം നടത്തിയ സംഭവത്തില്‍ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. കന്യാകുമാരി നാഗര്‍കോവില്‍ കോട്ടാര്‍ വില്ലേജില്‍ ഓട്ടുരല്മഠം വീട്ടില്‍ ശിവദാസാണ് (49) അറസ്റ്റിലായത്. 2 വര്‍ഷം മുന്‍പാണു മോഷണ ശ്രമം നടത്തിയത്.
കേരളത്തിലും തമിഴ്നാട്ടിലും ഉള്‍പ്പെടെ നൂറിലേറെ മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാളെന്നാണ് ലഭിക്കുന്ന വിവരം. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്നു ശിക്ഷ കഴിഞ്ഞിറങ്ങി പൊള്ളാച്ചിയിലേക്കു പോകുന്നതിനിടെയാണ് മന്ത്രിയുടെ ഓഫീസില്‍ കവര്‍ച്ചയ്ക്കു ശ്രമിച്ചത്.
തമിഴ് മോഷണ സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് തിരുനെല്വേലിക്കു സമീപം കുടുംബത്തോടൊപ്പം ഒരു ഫാമില്‍ ജോലിക്കാരനായി ഇയാള്‍ ഒളിവില്‍ കഴിയുന്നതായി കണ്ടെത്തിയത്. ശേഷം ഇയാളെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. ഒട്ടേറെ പണം സൂക്ഷിച്ചിട്ടുണ്ടാവുമെന്നു കരുതിയാണ് മന്ത്രിയുടെ ഓഫിസില്‍ മോഷണത്തിനു ശ്രമിച്ചതെന്നു പ്രതി പറഞ്ഞു.