പത്തനംതിട്ട: തെരുവുവിളക്കുകളെല്ലാം കെടുത്തി പ്രായമായ ദമ്പതികളെ വീട്ടില്‍ പൂട്ടിയിട്ട ശേഷം വീടിന്റെ മതില് തകര്‍ത്തതായി പരാതി. പത്തനംതിട്ടയിലെ കുഴികണ്ടത്തില്‍ ബാബുവിന്റെ മതിലാണ് തകര്‍ത്തത്. വെള്ളി രാത്രി 11.30 നാണ് സംഭവം.
മതില് തകര്‍ക്കാന്‍ വേണ്ടി സമീപത്തെ തെരുവുവിളക്കുകളുടെ വൈദ്യുതി ബന്ധം വിഛേദിച്ചതായി കണ്ടെത്തി. പ്രായമായ ദമ്പതികള്‍ മാത്രം താമസിക്കുന്ന വീടാണിത്.വീടിന്റെ മുന്‍വശത്തുള്ള ഗ്രില്ല് പുറത്തുനിന്ന് താഴിട്ടു പൂട്ടിയ ശേഷമായിരുന്നു മതില് തകര്‍ത്തത്.
വീടിന്റെ മതില് പൂര്‍ണമായും തകര്‍ത്തു. അക്രമം നടന്ന വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നു രണ്ടു പേരുടെ ചിത്രം ലഭിച്ചിട്ടുണ്ട്. മുഖംമൂടിയിട്ട് കമ്പിപ്പാരയുമായി എത്തിയവരാണ് അക്രമം നടത്തിയത്. മതില് തകര്‍ന്ന ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നു ബഹളം വയ്ക്കുകയും ബന്ധുക്കളെ വിളിച്ചറിയിക്കുകയും ചെയ്തപ്പോള്‍ സംഘം കടന്നുകളഞ്ഞു.
വീടിന്റെ മുന്‍വശത്തുള്ള വഴിയുമായി ബന്ധപ്പെട്ടു തര്‍ക്കങ്ങള്‍ നിലവിലുണ്ടായിരുന്നു. മതില് പൊളിക്കുന്നതിനെതിരെ കോടതി ഉത്തരവും നിലവിലുണ്ട്. മതില് പൊളിക്കുമെന്നു പറഞ്ഞ് വീട്ടുടമയുടെ മകനെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് കെ.പി.പുന്നൂസ് സ്ഥലം സന്ദര്‍ശിച്ചു. പുളിക്കീഴ് പൊലീസ് കേസെടുത്തു. ഏഴംഗ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.