തിരുവനന്തപുരം: ഓണം, ബക്രീദ് ഉത്സവകാലത്ത് നിത്യോപയോഗസാധനങ്ങള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കാന്‍ എണ്ണായിരം പ്രത്യേക ചന്തകള്‍ തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഓണം ബക്രീദ് ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം പുത്തരിക്കണ്ടം മൈതാനത്ത് നാളെ മുഖ്യന്ത്രി നിര്‍വഹിക്കും.
എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും ഒരുകിലോ പഞ്ചസാരയും ആറുകിലോ ധാന്യവും ലഭ്യമാക്കും. സപ്ലൈകോ 1662 വില്പന കേന്ദ്രങ്ങളും കണ്‍സ്യൂമര്‍ഫെഡ് 3500 കേന്ദ്രങ്ങളും കൃഷിവകുപ്പ് 2000 ചന്തകളുമാണ് ഒരുക്കുക. എല്ലാ തദ്ദേശ സ്ഥാപന ആസ്ഥാനത്തും കുടുംബശ്രീയുടെ ഓണം ബക്രീദ് ചന്തകളും പ്രവര്‍ത്തിക്കും.
മാവേലി സ്റ്റോറുകള്‍ ഇല്ലാത്ത 27 പഞ്ചായത്തുകളിലും സപ്ലൈകോയുടെ വിപണ കേന്ദ്രങ്ങളുണ്ടാകും. ഉത്സവകാലത്തെ കരിഞ്ചന്ത, പൂഴ്ത്തിവയ്പ്, ഊഹക്കച്ചവടം എന്നിവ മൂലമുള്ള കൃത്രിമക്ഷാമം, വിലക്കയറ്റം എന്നിവ തടയും. 3300 പ്രാഥമിക സഹകരണ സംഘങ്ങളും കണ്‍സ്യൂമര്‍ഫെഡിന്റെ 200 വില്പനകേന്ദ്രങ്ങളും വഴി 176 കോടി രൂപയുടെ വില്പന ലക്ഷ്യമിടുന്നതായി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു.
2000 ഓണച്ചന്തകളും ഹോര്‍ട്ടികോര്‍പ്, വിഎച്ച്പിസികെ തുടങ്ങിയവയുടെ ഔട്ട്ലെറ്റുകളും വഴി ഓണക്കാലത്താവശ്യമായ പച്ചക്കറികള്‍ വിപണി വിലയേക്കാള്‍ 30 ശതമാനം വിലക്കുറവില്‍ ലഭ്യമാക്കുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു.