കോട്ടയം: പിസി ജോര്‍ജ് എംഎല്‍എ പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന് പരാതി ഉയര്‍ന്നിരുന്നു. സംഭവത്തില്‍ പിസി ജോര്‍ജിനെ ശാസിക്കാന്‍ ശുപാര്‍ശ. നിയമസഭാ പ്രിവിലേജസ് ആന്റ് എത്തിക്സ് കമ്മിറ്റിയാണ് പിസി ജോര്‍ജിനെതിരായ നടപടിക്ക് ശുപാര്‍ശ ചെയ്തത്.
വനിത കമ്മീഷന് അധ്യക്ഷ ഉള്‍പ്പെടെയുള്ളവരാണ് പിസി ജോര്‍ജിനെതിരെ പരാതി നല്‍കിയത്. പീഡനത്തിനിരയായ കന്യാസ്ത്രീയെ അവഹേളിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന തരത്തില്‍ എംഎല്‍എ പരാമര്‍ശം നടത്തിയെന്നായിരുന്നു പരാതി.
ഇക്കാര്യം കമ്മിറ്റി പരിശോധിക്കുകയും എംഎല്‍എയുടെ പരാമര്‍ശങ്ങള്‍ അതിരുകടന്നതാണെന്നും വിലയിരുത്തി. തുടര്‍ന്നാണ് എംഎല്‍എയെ ശാസിക്കാന്‍ ശുപാര്‍ശ ചെയ്തുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കന്യാസ്ത്രീകള്‍ സമരം ചെയ്യുന്നത് പ്രശസ്തിക്ക് വേണ്ടിയാണെന്നായിരുന്നു പിസി ജോര്‍ജിന്റെ പരാമര്‍ശം.
റോഡില്‍ കുത്തിയിരുന്ന് പ്രശസ്തി ലഭിക്കാനാണ് കന്യാസ്ത്രീകള്‍ ശ്രമിക്കുന്നത്. രാഷ്ട്രീയക്കാര്‍ സമരം ചെയ്യുന്നത് പോലെ കന്യാസ്ത്രീകള്‍ സമരം ചെയ്യാന്‍ പാടില്ല. സ്ത്രീ സുരക്ഷാ നിയമം വ്യാപകമായി ദുരുപയോഗപ്പെടുകയായിരുന്നുവെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് വനിത കമ്മീഷന് അധ്യക്ഷ ഉള്‍പ്പെടെയുള്ളവര്‍ പിസി ജോര്‍ജിനെതിരെ പരാതി നല്‍കിയത്. സംഭവത്തിന് പിന്നാലെ രൂക്ഷവിമര്‍ശനമാണ് പിസി ജോര്‍ജ് നേരിട്ടത്.