കോട്ടയം: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഒരിക്കല്‍ കൂടി മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ടാല്‍ എന്തായിരിക്കും മറുപടിയെന്ന ചോദ്യത്തിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയുടെ മറുപടി ഇങ്ങനെ, ‘ഹൈക്കമാന്‍ഡിനെ ധിക്കരിക്കാന്‍ കഴിവുള്ള ആളൊന്നുമല്ല ഞാന്‍’ എന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
പക്ഷേ തനിക്ക് പറയാനുള്ളത് താന്‍ പറയുമെന്ന് ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ടിവി ക്ലോസ് എന്‍കൗണ്ടറിലാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.’എന്നെ സംബന്ധിച്ചിടത്തോളം, ധാരാളം അവസരം കിട്ടിയിട്ടുള്ള ആളാണ് ഞാന്‍. പൂര്‍ണ സംതൃപ്തനാണ്. പിന്നെ, ഹൈക്കമാന്‍ഡിനെ ധിക്കരിക്കാന്‍ കഴിവുള്ള ആളൊന്നുമല്ല ഞാന്‍. പക്ഷെ, അന്നേരവും എനിക്ക് എന്റേതായ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം അവിടേയുമുണ്ട്.’- ഉമ്മന്‍ചാണ്ടി പറഞ്ഞു.
യുഡിഎഫ് അധികാരത്തില്‍ വരിക എന്ന ഒറ്റ ലക്ഷ്യം മാത്രമാണുള്ളത്. ഞാന്‍ രണ്ട് വര്‍ഷം മുഖ്യമന്ത്രിയായ ആളാണ്. എനിക്ക് 50 വര്‍ഷം എംഎല്‍എ ആകാന്‍ പാര്‍ട്ടി അവസരം തന്നിട്ടുള്ളതാണെനന്ും ഈ അവസരത്തില്‍ ഒരു പരിപാടിയും പദ്ധതിയോടെയല്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
ഒരു കാര്യം ഞാന്‍ പറയാം, കേരളത്തില്‍ നേതൃപ്രശ്നം സംബന്ധിച്ച് ഒരു തര്‍ക്കവും ഉണ്ടാകാന്‍ പോകുന്നില്ല. കഴിഞ്ഞ കാലങ്ങളിലെല്ലാം സ്മൂത്തായാണ് പോയിരിക്കുന്നത്. ഇപ്രാവശ്യവും അങ്ങനെയാകും. ഞങ്ങള്‍ക്ക് ഒറ്റ ലക്ഷ്യമേയുള്ളൂ ‘യുഡിഎഫ് അധികാരത്തില്‍ വരിക’. ഒറ്റക്കെട്ടായി മുന്നോട്ട് പോകും. അഞ്ച് വര്‍ഷമായി പദവിയില്ലെങ്കിലും ഞാന്‍ എല്ലാത്തിനുമുണ്ട്. ജയിക്കാന്‍ എന്ത് വിട്ടുവീഴ്ച്ചയ്ക്കും ഏത് പാര്‍ട്ടിയും നേതാവും തയ്യാറാണ്. രമേശനും മുല്ലപ്പള്ളിയുമായി മിക്കവാറും ദിവസങ്ങളില്‍ ഫോണിലൂടെയെങ്കിലും ബന്ധപ്പെടുന്നുണ്ട്.
ഘടകകക്ഷികള്‍ പ്രതിപക്ഷ നേതാവിനേക്കുറിച്ച് തൃപ്തിക്കുറവ് ഉള്ളതായി അറിയിച്ചിട്ടില്ല. എ കെ ആന്റണി പ്രതിപക്ഷ നേതാവായിരുന്നപ്പോഴും ഞാന്‍ ആയിരുന്നപ്പോഴും പ്രവര്‍ത്തനം പോരാ എന്ന വിമര്‍ശനമുണ്ടായിരുന്നു. അത് രമേശിനോട് മാത്രമുള്ള ചോദ്യമല്ല. ഞങ്ങളോട് മുന്‍പ് ചോദിച്ചിട്ടുള്ളതാണ്. രമേശ് ചെന്നിത്തല ആരോപണങ്ങളും വിമര്‍ശനങ്ങളും ഉന്നയിക്കുമ്പോള്‍ പരിഹസിക്കുകയാണ് ഭരണപക്ഷം ചെയ്തത്. പിന്നീടതെല്ലാം സത്യമായി.
പരസ്പരം സഹകരിക്കുന്നതാണ് എന്റേയും രമേശിന്റേയും രീതി. കേരളത്തിലെ കോണ്‍ഗ്രസ് വലിയ പ്രസ്ഥാനമാണ്. ഒരാളുടെ കൈയ്യില്‍ ഒതുങ്ങുന്നതല്ല. ഒരു നേതാവ് മാത്രമല്ല. എല്ലാവരും കൂടി കൂടുമ്പോഴാണ് സംഘടനയാകുന്നത്. അമിതമായ സ്വാതന്ത്ര്യം നേതാക്കന്മാര്ക്കും അണികള്‍ക്കും ഈ പാര്‍ട്ടിയില്‍ എടുക്കാന്‍ സാധിക്കും. ആ അമിത സ്വാതന്ത്ര്യം വഴിവിട്ടുപോകാതിരിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത് എന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.