പാലക്കാട്: കഷ്ടപ്പാടുകളില്‍ നിന്നും രക്ഷപ്പെടാന്‍ തുണയായത് സമൂഹമാധ്യമങ്ങളാണെന്ന് പറയുകയാണ് സുചിത്ര. എല്ലാം അവസാനിക്കും എന്ന് തോന്നിയിടത്തുനിന്നും സോഷ്യല്‍ മീഡിയയിലെ ടിക് ടോക്കും, യൂട്യൂബ് ചാനലുമാണ് സുചിത്രയ്ക്കും കുടുംബത്തിനും രക്ഷയായത്.
ഇന്ന് ഇന്‍സ്റ്റഗ്രാമില്‍ ലക്ഷങ്ങള്‍ ഫോളേവേഴ്സ് ഉള്ള ഇന്‍ഫ്ലൂവന്‍സറാണ് സുചിത്ര. കുട്ടിക്കാലത്ത് അനുഭവിച്ച ബുദ്ധിമുട്ടുകളെല്ലാം സുചിത്ര തുറന്നുപറയുന്നു.പാലക്കാട് ചേര്‍പ്പുളശ്ശേരിയിലെ പ്ലാക്കാട് എന്നാണു ഞങളുടെ ഗ്രാമത്തിന്റെ പേര്. ഞാന്‍ ഒരു പ്ലസ് ടു പഠിക്കുന്ന വരെ ഞങ്ങള്‍ ഒരു ചെറിയ ഓല പുരയിലായിരുന്നു താമസം.
അമ്മ വത്സലാമ്മ ജോലിക്ക് പോയി കിട്ടുന്ന ചെറിയ വരുമാനം. ഓര്മ വെച്ച കാലം മുതല്‍ അച്ഛനും അമ്മയും വേര്‍പിരിഞ്ഞാണ് ജീവിക്കുന്നത് . അച്ഛന് എന്ന പദം പോലും എനിക്ക് അന്യമായിരുന്നു.ഞാനും ഏട്ടനും അമ്മയും അതായിരുന്നു എന്റെ ലോകം. ഏട്ടന് എനിക്ക് വേണ്ടി പഠനം നിര്‍ത്തി ഓട്ടോ ഓടിക്കാന്‍ തുടങ്ങി. പതുക്കെ ഞങ്ങള്‍ അത്യാവശ്യം നല്ല ഒരു വീട്ടിലേക്ക് വാടകയ്ക്ക് മാറി.
ഞാന്‍ ഇന്റീരിയര്‍ ഡിസൈനിങ് ആണ് പഠിച്ചത്. പതുക്കെ എനിക്ക് ഒരു ചെറിയ ജോലി കിട്ടി കൊച്ചിയില്‍. അതിനിടയില്‍ ഏട്ടന് വിവാഹം കഴിച്ചു. ഞങളുടെ ലോകത്തിലേക്ക് ഒരാള്‍ കൂടെ വന്നു. ഏടത്തിയമ്മ പൊന്നൂസ് എന്ന നിത . എല്ലാരും ടിക് ടോക് ചെയ്യുന്നത് കണ്ടു തന്നെയാണ് ഞങ്ങളും തുടങ്ങിയത്.
ഞങ്ങള്‍ ഒന്നും ഏച്ചു കെട്ടാന്‍ ശ്രമിച്ചിട്ടില്ല. ഞങ്ങളുടെ വീട് എങ്ങനെയാണോ, ഞങ്ങള്‍ അവിടെ എങ്ങനെയാണോ അതുപോലെ തന്നെയാണ് വീഡിയോ ചെയ്തത്. അതു ഒരുപാട് പേര്‍ക്ക് ഇഷ്ടായി. ടിക് ടോക്കില്‍ അത്യാവശ്യം ഫോള്ളോവെര്‍സ് ഒക്കെ ആയി നിക്കുമ്പോഴാണ് ഇന്ത്യയില്‍ ടിക് ടോക് നിര്‍ത്തിയത്.
വീണ്ടും പഴയ പോലെ ആകുമോ എന്നൊക്കെ ടെന്‍ഷന്‍ അടിച്ചു ഇരിക്കുമ്പോള്‍ ഏട്ടനാണ് യുട്യൂബ് ചാനല്‍ എന്ന ഐഡിയ പറയുന്നത്. അങ്ങനെയാണ് മല്ലു ഫാമിലി എന്നൊരു യുട്യൂബ് ചാനല്‍ തുടങ്ങുന്നത്. ദൈവം സഹായിച്ച് ചാനല്‍ ആളുകള്‍ക്ക് ഇഷ്ടപ്പെട്ടു.
ഞാനും ഏട്ടനും ഏടത്തിയമ്മയും അമ്മയും ആണ് ചാനലിന്റെ നടത്തിപ്പുകാര്‍. യുട്യൂബില്‍ വരുന്ന ട്രെന്‍ഡുകള്‍ തന്നെയാണ് ഞങ്ങളും ഫോളോ ചെയ്യുന്നത്. പക്ഷെ വീഡിയോ എടുക്കുന്നതിനു വേണ്ടി ഒന്നും പ്രത്യേകം സജ്ജമാക്കില്ല എന്ന് മാത്രം.
ഞങ്ങള്‍ എങ്ങനെയാണോ അങ്ങനെ. പിന്നെ ലോക്ക് ഡൌണ്‍ ഒക്കെ ആയതോടെ ഞാന്‍ കൊച്ചിയിലെ ജോലി വിട്ടു. ഫുള്‍ടൈം ചാനലിന് വേണ്ടിയുള്ള വീഡിയോ എടുക്കലായി. ചാനല്‍ കുറച്ച് ശ്രദ്ധ നേടിയതോടെ കുറെ ഓണ്‍ലൈന്‍ ബിസ്സിനെസ്സ് ചെയ്യുന്നവര്‍ അവരുടെ പ്രോഡക്റ്റ് ഇന്‍ട്രോഡ്യുസ് ചെയ്യാമോ എന്നൊക്കെ ചോദിച്ച് വിളിച്ചു.
ഒരുകാലത്ത് സ്വപ്നം കണ്ടതൊക്കെ കൈകളിലേക്ക് എത്തുന്ന യാഥാര്‍ഥ്യം ആയിരുന്നു. ഇഷ്ടം പോലെ ഡ്രെസ്സുകളും ആഭരണങ്ങളും കോളാബ് ചെയ്യുന്നുണ്ട്. ഞാന്‍ തന്നെയാണ് മോഡല്‍. എന്റെ ഇന്‍സ്റ്റ പേജില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യും.
പഴയ ജീവിതത്തെ ഞങ്ങള്‍ ഒരിക്കലും മറന്നു പോവില്ല. കാരണം ആ കയ്പ്പ് ഉള്ളതുകൊണ്ടാണ് ഇപ്പോള്‍ ഇത്രയും മധുരം ആസ്വദിക്കാന്‍ കഴിയുന്നത്. പണ്ട് മിണ്ടുക കൂടിയില്ലാത്തവര്‍ ഇപ്പോള്‍ സംസാരിക്കും, സൗഹൃദങ്ങള്‍ പുതുക്കും. പക്ഷെ അമ്മ എപ്പോഴും മിതമായി മാത്രേ സന്തോഷിക്കൂ. പാവം.- സുചിത്ര പറയുന്നു.