തേവലക്കര: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങള്‍ അജ്ഞാതര്‍ തീവച്ചു നശിപ്പിച്ചു. കോയിവിള തെക്ക് കളീലില്‍ കിഴക്കതില്‍ മേരി ടൈറ്റസിന്റെ വീട്ടിലെ ബൈക്കും പുതിയതായി വാങ്ങിയ സ്കൂട്ടറുമാണ് സാമൂഹിക വിരുദ്ധര്‍ കത്തി നശിപ്പിച്ചത്. ഇന്നലെ പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം.
വാഹനങ്ങളില്‍ നിന്നുള്ള തീ വീടിന്റെ ഭിത്തിയിലേക്കും ജനലഴിയിലേക്കും പടര്‍ന്നതോടെയാണ് സംഭവം മേരിയും മക്കളും അറിഞ്ഞത്. വീടിനുള്ളില്‍ നിറഞ്ഞ പുകശ്വസിച്ചാണ് ഇവര്‍ ഉറക്കമുണര്‍ന്നത്. ഇവരുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി തീ അണച്ചതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.
അതേസമയം, വാഹനങ്ങള്‍ പൂര്‍ണമായും കത്തിയമരുകയും ചെയ്തു. ഉണര്‍ന്ന സമയത്ത് ബൈക്കില്‍ രണ്ടുപേര്‍ കടന്നു പോകുന്നതായി കണ്ടുവെന്ന് ഇവര്‍ പോലീസിനു മൊഴി നല്കി. പോലീസ് ഫൊറന്‍സിക് വിഭാഗം നടത്തിയ പരിശോധനയില്‍ പെട്രോളൊഴിച്ചു വാഹനങ്ങള്‍ കത്തിച്ചതാണെന്നു കണ്ടെത്തിയിട്ടുണ്ട്.