കൊവിഡ് കാരണം ജോലി നഷ്ടമായ ആവശ്യക്കാര്‍ക്ക് ഇ-റിക്ഷകള്‍ സമ്മാനിച്ച് ബോളിവുഡ് താരം സോനു സൂദ്. കൊവിഡ് ലോക്ക്ഡൗണില്‍ താരത്തിന്റെ ഇടപെടല്‍ രാജ്യം മുഴുവന്‍ പ്രശംസിച്ചിരുന്നു. അതിന് പിന്നാലെയാണ് താരം ആവശ്യക്കാര്‍ക്ക് ഇ-റിക്ഷകള്‍ സമ്മാനിക്കുന്നത്. പുതിയ സംരംഭത്തിന് ‘ഖുദ് കമാവോ ഘര്‍ ചലാവോ'(സ്വന്തമായി അധ്വാനിച്ച് വീട്ടിലേയ്ക്ക് മടങ്ങൂ) എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
View this post on Instagram
കഴിഞ്ഞ കുറച്ച് മാസങ്ങളായി ആളുകളില്‍ നിന്ന് വളരെയധികം സ്നേഹം ലഭിച്ചുവെന്നും അതാണ് പുതിയ സംരംഭത്തിലേക്ക് തന്നെ നയിച്ചതെന്നും സോനു മാധ്യമങ്ങളോട് പറഞ്ഞു. അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനേക്കാള്‍ പ്രധാനമാണ് തൊഴിലവസരങ്ങള്‍ നല്‍കുന്നതെന്നാണ് ഞാന്‍ കരുതുന്നത്. ഈ പ്രവര്‍ത്തിയിലൂടെ അവര്‍ക്ക് സ്വന്തം കാലില്‍ നില്ക്കാന് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ജോലി നഷ്ടമായവര്‍ക്കായി പ്രവാസ് യോജന ആപ്പ് നിര്‍മിക്കാന്‍ താരം മുന്‍കൈ എടുത്തിരുന്നു. ഏകദേശം 50000 പേര്‍ക്കാണ് ഇതിലൂടെ ജോലിസാധ്യതകള്‍ ലഭിച്ചത്. വിദേശ കമ്പനികളില്‍ നിന്ന് അനേകം പേര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കാനും സ്വതസിദ്ധമായ കഴിവുകള്‍ വര്‍ദ്ധിപ്പിക്കാനും ഇതിലൂടെ സാധിച്ചു.
ലോക്ക്ഡൗണ്‍ കാരണം കുടുങ്ങിപ്പോയ നിരവധി അതിഥി തൊഴിലാളികളെയാണ് താരം ഇതിനോടകം നാട്ടിലെത്തിച്ചത്. മഹാരാഷ്ട്രയിലെ തന്റെ ആറു നിലയുള്ള ആഡംബര ഹോട്ടല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താമസിക്കാനായി താരം വിട്ടു നല്‍കുകയും ചെയ്തിരുന്നു.