സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് മലയാളത്തിന്റെ സ്വന്തം അജു വര്‍ഗീസ്. പുതിയ സിനിമാ വിശേഷങ്ങളും പുതിയ കഥാപാത്രങ്ങളെ കുറിച്ചും തന്നെക്കുറിച്ചുള്ള കിടലന്‍ ട്രോളുകളുമെല്ലാം അജു ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അജു ഷെയര്‍ ചെയ്ത തന്റെ പുതിയ കഥാപാത്രത്തിന്റെ ഗെറ്റപ്പിനെക്കുറിച്ചാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ച.
തൂവെള്ള ഖദര്‍ ഷര്‍ട്ടും വളര്‍ത്തിയ താടിയും കൂളിംഗ് ഗ്ലാസുമൊക്കെ ധരിച്ചിരിക്കുന്ന ചിത്രം ആരാധകരെ മറ്റൊരു കഥാപാത്രത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്. അത് മാറ്റാരുമല്ല, മലയാളത്തിന്റെ ബംമ്പര്ഹിറ്റ് ചിത്രം ലൂസിഫറിലെ മോഹന്‍ലാല്‍ കഥാപാത്രമായ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ലുക്കുമായി സാമ്യമുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. അതുമായി ബന്ധപ്പെടുത്തി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളി ‘ലൈറ്റ്’ ആണോയെന്നും ജൂനിയര്‍ സ്റ്റീഫന്‍ നേടുമ്പള്ളി ആണോയെന്നുമൊക്കെയാണ് ആരാധകര്‍ ചോദിക്കുന്നത്.
അതേസമയം അജുവിന്റെ ഈ കഥാപാത്രം എത്തുന്ന സിനിമയും ആ കഥാപാത്രത്തിന്റെ പേരും അജു വര്‍ഗീസ് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന ‘മേപ്പടിയാന്’ എന്ന ചിത്രത്തിലേതാണ് അജുവിന്റെ ഈ പുതിയ ലുക്ക്. ഒരു രാഷ്ട്രീയ പ്രവര്ത്തകന് എന്ന് തോന്നിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ‘തടത്തില്‍ സേവ്യര്‍’ എന്നാണ്.
ഉണ്ണി മുകുന്ദന് പ്രൊഡക്ഷന്‍സ് എന്ന സ്വന്തം നിര്‍മ്മാണക്കമ്പനിയുടെ ബാനറില്‍ ഉണ്ണി മുകുന്ദന് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണിത്. ‘സാജന് ബേക്കറി സിന്‍സ് 1962’, ജീന്‍ പോള്‍ ലാലിന്റെ ‘സുനാമി’ എന്നിവയാണ് അജുവിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍. നവാഗതനായ ലെനിന് ബാലകൃഷ്ണന്റെ ‘ആര്‍ട്ടിക്കിള്‍ 21’, ധ്യാന്‍ ശ്രീനിവാസന്റെ രചനയില്‍ നവാഗതനായ ഷഹദ് സംവിധാനം ചെയ്യുന്ന ‘പ്രകാശന് പറക്കട്ടെ’ തുടങ്ങി നിരവധി ചിത്രങ്ങള്‍ അജുവിന്റേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുമുണ്ട്.