നിലമ്പൂര്‍: പെരുമ്പാമ്പിനെ പിടികൂടി പാചകം ചെയ്തു കഴിക്കുന്നതിനിടെ നാലു പേരെ വനപാലകര്‍ പിടികൂടി. അകമ്പാടം എരഞ്ഞിമങ്ങാട് പൈങ്ങാക്കോട് പുത്തന്‍പുരക്കല്‍ രതീഷ്(30), എടവപ്പറമ്പില്‍ സതീഷ്(30), അമ്പലക്കുന്ന് പ്രദീപ്(27), എളഞ്ചീരി അമ്പാഴത്തൊടി ദിനേശ്(33) എന്നിവരാണ് പിടിയിലായത്.
അകമ്പാടം എരഞ്ഞിമങ്ങാട് വച്ചാണ് കഴിഞ്ഞ ദിവസം രാത്രി ഇവരെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി ഒന്നോടെ എടവണ്ണ വനം റേഞ്ച് ഓഫീസര്‍ അബ്ദുള്‍ ലത്തീഫിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് നാലംഗസംഘം പിടിയിലായത്.
ഷെഡ്യൂള്‍ ഒന്നില്‍ വരുന്ന ജീവിയാണ് പെരുമ്പാമ്പ്. ഒന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. ഒരുകിലോ വേവിച്ചതും വറുത്തതുമായ ഇറച്ചിയാണ് സംഘത്തില്‍ നിന്നു കണ്ടെടുത്തത്. ഇതോടൊപ്പം പാമ്പിന്റെ തലയും തൊലിയും പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്തെ ഒരു വീട്ടിലെ കോഴിക്കൂട്ടില്‍ കയറിയ പാമ്പിനെയാണ് സംഘം കൊന്നത്.