തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും സാന്നിദ്ധ്യം തെളിയിച്ചിട്ടുള്ള ഇന്ത്യയിലെ മികച്ച നടൻമാരിലൊരാളാണ് പ്രകാശ് രാജ്. പ്രകാശ് രാജ് മികച്ച ഒരു മനുഷ്യസ്നേഹിയാണെന്ന് അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ പ്രമുഖ തെലുങ്ക് നടൻ രാജാ രവീന്ദ്ര പറഞ്ഞു. തനിക്കറിയാവുന്ന ഒരു അനുഭവത്തെ മുൻനിർത്തിയാണ് രാജാ രവീന്ദ്രയുടെ ഈ വെളിപ്പെടുത്തൽ.
വളരെ അഭിനയ പാരമ്പര്യമുള്ള ഒരു തെലുങ്ക് നടൻ താൻ നൽകാനുള്ള 50 ലക്ഷം രൂപ നൽകാൻ കഴിയാതെ ആത്മഹത്യയിൽ അഭയം തേടാനൊരുങ്ങവേ പ്രകാശ് രാജ് ഇടപെട്ട അനുഭവമാണ് രാജാ രവീന്ദ്ര പങ്കുവെച്ചത്. ആത്മഹത്യ ചെയ്യാനൊരുങ്ങിയ നടനെ വിളിച്ചു വരുത്തി കൗൺസലിംഗ് നടത്തി ആത്മഹത്യയിൽ നിന്ന് പിൻതിരിക്കുകയല്ല പ്രകാശ് രാജ് ചെയ്തത്.
വിവരം അറിഞ്ഞ പ്രകാശ് രാജ് രാജാ രവീന്ദ്രയോട് മുതിർന്ന നടനെ കാണണമെന്ന് ആവശ്യപ്പെട്ടു. ആത്മഹത്യയിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുകയും നൽകാനുള്ള 50 ലക്ഷം രൂപ താൻ നൽകാമെന്നും പ്രകാശ് രാജ് പറഞ്ഞു. ആ മുതിർന്ന നടൻ ആരാണെന്ന് രാജാ രവീന്ദ്ര വെളിപ്പെടുത്തിയില്ല.
അതേ സമയം അഭിനയ ജീവിതത്തോടൊപ്പം തന്നെ കർണാടക രാഷ്ട്രീയത്തിലും സജീവമായ പ്രകാശ് രാജ് ഭരണകക്ഷിയായ ബിജെപിക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് എതിരെയും കടുത്ത വിമർശനമാണ് ഉന്നയിക്കാറുള്ളത്.