കണ്ണൂര്‍: കണ്ണൂര്‍ ചാലക്കുന്നില്‍ നിന്ന് വന്‍ സ്ഫോടക വസ്തു ശേഖരം പിടികൂടി. എളയാവൂരിലെ പഴയ മാലിന്യ സംസ്ക്കരണ കേന്ദ്രത്തിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് സ്ഫോടക വസ്തു ശേഖരം പിടികൂടിയത്. ഇവിടെ അനധികൃതമായി സൂക്ഷിച്ചിരുന്ന 10 കിലോയോളം വെടിമരുന്നുള്‍പ്പെടെയുള്ള സാധനങ്ങളാണ് പിടികൂടിയത്.
പ്രവര്‍ത്തനരഹിതമായി കിടക്കുന്ന മാലിന്യ സംസ്കരണ യൂണിറ്റിന്റെ പരിസരത്തു നിന്നാണ് സ്ഫോടക വസ്തുശേഖരം പിടികൂടിയത്. കാടുവെട്ടി തെളിക്കുന്നതിനിടെ തൊഴിലാളികളാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. പടക്ക നിര്‍മാണത്തിന് ഉപയോഗിക്കുന്ന പൊട്ടാസ്യം നൈട്രേറ്റ്, അമോണിയം ക്ളോറൈറ്റ്, അമോണിയം നൈട്രേറ്റ്, സള്‍ഫര്‍, ഉപ്പ്, കരി എന്നിവ പിടിച്ചെടുത്തു. പടക്ക നിര്‍മാണത്തിനുള്ള ഉപകരണങ്ങളും, പാത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
പിടിച്ചെടുത്ത സാമഗ്രികള്‍ ഉഗ്രസോഫോടക ശേഷിയുള്ളതായതിനാല്‍ ബോബ് നിര്‍മാണത്തിനു വേണ്ടി എത്തിച്ചതാണോ ഇവയെന്നാണ്
പോലീസ് സംശയം. പ്രദേശത്ത് പോലീസ് പ്രാഥമിക പരിശോധന നടത്തിയെങ്കിലും പ്രതിയെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല.സ്ഫോടക വസ്തുക്കള്‍ പരിശോധനക്കായി എറണാകുളത്തെ സ്ഫോടകവസ്തു പരിശോധനാ കേന്ദ്രത്തിലേക്ക് മാറ്റും.
ഒന്നരമാസം മുമ്പ് ഇതേസ്ഥലത്ത് നിന്ന് സ്ഫോടക വസ്തുശേഖരം പോലീസ് പിടിച്ചെടുത്തിരുന്നു. 200 കിലോ സ്ഫോടക വസ്തുക്കളും പടക്ക നിര്‍മാണ സാമഗ്രികളുമാണ് അന്ന് പിടിച്ചെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വെടിമരുന്ന് എത്തിച്ച വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.