തിരുവനന്തപുരം: വിജിലന്‍സിന്റെ വിശ്വാസ്യത സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ നിക്ഷിപ്ത താത്പര്യങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടിയാണ് വിജിലന്‍സിനെ ഉപയോഗിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ മനപ്പൂര്‍വ്വം തളര്‍ത്തിയിട്ടിരിക്കുന്നു. വിവിധ ആരോപണങ്ങള്‍ നേരിടുന്ന ആളാണ് സംസ്ഥാന പോലീസ് മേധാവി. അദ്ദേഹം തന്നെയാണ് വിജിലന്‍സിലെ നിയമനങ്ങള്‍ നടത്തുന്നതെന്ന് വന്നാല്‍, വിജിലന്‍സിന്റെ വിശ്വാസ്യത തന്നെ സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയിരിക്കുന്നുവെന്ന് വ്യക്തമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വിജിലന്‍സ് വകുപ്പില്‍ ഡിജിപി നടപ്പിലാക്കിയ എല്ലാ നിയമനങ്ങളും റദ്ദാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. വിജിലന്‍സ് ഡയറക്ടര്‍ ആരെന്ന് ആര്‍ക്കും അറിയില്ല. ബെഹ്റ നടത്തിയ നിയമനങ്ങള്‍ റദ്ദാക്കി പകരം വിജിലന്‍സ് ഡയറക്ടറായ അനില്‍ കാന്ത് പുനര്‍ നിയമനങ്ങള്‍ നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രതിപക്ഷത്തെ നേതാക്കളെ വേട്ടയാടാന്‍ മാത്രമാണ് വിജിലന്‍സിനെ ഉപയോഗിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഇബ്രാഹിം കുഞ്ഞിന്റെയും വിഎസ് ശിവകുമാറിന്റെയും കാര്യത്തില്‍ ഇതാണ് നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.