കെന്റക്കി: ലൈവ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ വനിത റിപ്പോര്‍ട്ടറെ ചുംബിച്ച യുവാവിനെതിരെ കേസ്. വേവ് 3 ന്യൂസിന് വേണ്ടി കെന്റക്കി മ്യൂസിക് ഫെസ്റ്റിവല്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ സാറ റിവെസ്റ്റ് എന്ന റിപ്പോര്‍ട്ടറെയാണ് യുവാവ് ചുംബിച്ചത്. റിപ്പോര്‍ട്ടിങ്ങിനിടെ പെട്ടെന്ന് ഫ്രെയിമില്‍ കടന്നു വന്ന യുവാവ് സാറയുടെ വലതു കവിളില്‍ ചുംബിച്ച ശേഷം അപ്രത്യക്ഷനാവുകയും ചെയ്തു. എന്നാല്‍ പരസ്യമായുള്ള അപമാനം കാരണം റിപ്പോര്‍ട്ടിങ് തുടരാന്‍ സാറയ്ക്ക് സാധിച്ചില്ല.
സംഭവത്തില്‍ സാറ പോലീസില്‍ പരാതി നല്കി. ഇതേ തുടര്‍ന്ന് സാറയോട് മോശമായി പെരുമാറിയ നാല്‍പ്പത്തിരണ്ടുകാരനായ എറിക് ഗുഡ്മാനെതിരെ പോലീസ് കേസെടുത്തു.
Hey mister, here’s your 3 seconds of fame. How about you not touch me? Thanks!! pic.twitter.com/5O44fu4i7y
— Sara Rivest (@SRivestWAVE3) September 20, 2019
തൊട്ടടുത്ത ദിവസം സാറ സംഭവത്തിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചു. ‘ഹേയ് മിസ്റ്റര്‍, ഇതാ നിങ്ങളുടെ പ്രശസ്തിയുടെ മൂന്ന് നിമിഷങ്ങള്‍, നിങ്ങളെന്നെ സ്പര്‍ശിക്കാതിരുന്നെങ്കിലോ? നന്ദി…’ഈ അടിക്കുറിപ്പോടെയാണ് സാറ വീഡിയോരംഗം ഷെയര്‍ ചെയ്തത്.
ഏറെ ആവേശത്തോടെ സാറ റിപ്പോര്‍ട്ടിങ് തുടരുന്നതും ആദ്യമൊരു യുവാവ് അവരുടെ പിന്നിലെത്തി ക്യാമറ നോക്കി ചില ആംഗ്യങ്ങള്‍ കാണിക്കുന്നതും കാണാം. പിന്നീടാണ് വശത്ത് നിന്ന് എറിക് പ്രത്യക്ഷപ്പെടുന്നതും സാറയുടെ കവിളില്‍ ചുംബനം നല്കി പോകുന്നതും. സാറ റിപ്പോര്‍ട്ടിങ് തുടരാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും തുടരാനാവുന്നില്ല. ‘അനുചിതമായ പ്രവൃത്തി’ എന്ന കമന്റാണ് സാറ അവസാനം പറയുന്നത്. അതോടെ സംഗീതോത്സവത്തിന്റെ രംഗങ്ങളിലേക്കാണ് ക്യാമറ പോകുന്നത്.
എറിക് ഗുഡ്മാന് മൂന്ന് മാസം ജയില്‍ ശിക്ഷയോ 250 ഡോളര്‍ പിഴയോ നല്‍കേണ്ടി വരും. നവംബറില്‍ എറിക് ജയിലിലേക്ക് പോകാന്‍ സാധ്യതയുള്ളതായി വേവ് 3 റിപ്പോര്‍ട്ട് ചെയ്തു.