ന്യൂഡല്‍ഹി: ഭീകരസംഘടനയായ ലഷ്കര്‍-ഇ-ത്വയിബ സംഘം വാരണാസിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഭീകരാക്രമണത്തിനായി ഭീകരര്‍ പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയല്‍ രഹസ്യ താവളം ഒരുക്കിയതായി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനായി കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ പലപ്പോഴായി വാരാണസിയിലെത്തി ആക്രമണത്തിനുവേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കിയതായാണ് ഇന്റലിജന്‍സ് പറയുന്നത്.
ഉമര്‍ മദനി, നേപ്പാള്‍ സ്വദേശിയായ മറ്റൊരു വ്യക്തി എന്നിവരാണ് വാരണാസിയില്‍ താമസിച്ച് ആക്രണണത്തിനാവശ്യമായി സജ്ജീകരണങ്ങള്‍ നടത്തിയതെന്നാണ് വിവരം. ലഷ്കര്‍ തീവ്രവാദികളായ ലക്ഷ്ക്കറിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന്റെ ചുമതല വഹിക്കുന്നത് ഉമറാണെന്ന് വിവരം ലഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ മേയ് 7 മുതല്‍ 11 വരെ ഇവര്‍ വാരാണസിയില്‍ താമസിച്ചിരുന്നുവെന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ മേഖലയില്‍ വ്യാപിപ്പിക്കാനും ആക്രമണങ്ങള്‍ നടത്താനുമുള്ള പദ്ധതികള്‍ ഈ ദിവസങ്ങളില്‍ ആസൂത്രണം ചെയ്തിരിക്കാമെന്നുമാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കഴിഞ്ഞ ജൂണില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഇത് സംബന്ധിച്ച് ഇന്റലിജന്‍സ് ഏജന്‍സികള്‍ വിവരം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ വാരണാസിയില്‍ പോലീസ് വന്‍ സുരക്ഷ ഏര്‍പ്പെടുത്തി.