കോഴിക്കോട്: നടുറോഡില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. കൊടുവള്ളി മാനിപുരം മെയ്യാരുകണ്ടി എംകെ ബിഷാര്‍(ഷാനു) ആണ് പിടിയിലായത്. പുതുപ്പാടി മലപുറത്ത് റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാണ് യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.
റോഡരികിലൂടെ നടന്നു പോവുകയായിരുന്ന യുവതിയുടെ പിന്നിലൂടെ വന്ന പ്രതി കണ്ണ് പൊത്തിപ്പിടിച്ച് മിണ്ടരുതെന്ന് പറയുകയും ശരീരത്തില്‍ കയറിപ്പിടിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പ്രതിയെ പിടികൂടുകയും ഇതുവഴി വന്ന താമരശേരി പോലീസിനെ ഏല്‍പ്പിക്കുകയും ചെയ്തു.
പോലീസ് സ്റ്റേഷനിലെത്തിച്ചപ്പോഴും ഇയാള്‍ പോലീസിനെയും യുവതിയെയും ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. യുവതിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു