മംഗളൂരു: സുഹൃത്തിന്റെ കത്തികുത്തേറ്റ് നടുറോഡില്‍ മരണത്തോട് മല്ലടിച്ച വിദ്യാര്‍ത്ഥിനിയെ രക്ഷിച്ച മലയാളി നഴ്സ് നിമ്മിയെ മറന്നു കാണാന്‍ ഇടയില്ല. ഇപ്പോള്‍ അനുമോദനങ്ങള്‍ക്ക് പിന്നാലെ അംഗീകാരവും തേടിയെത്തിയിരിക്കുകയാണ്. കര്‍ണാടക സംസ്ഥാനതല ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്കാരത്തിനാണ് മംഗളൂരു ദെര്‍ളഗട്ടെ കെഎസ്ഹെഗ്ഡെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് കണ്ണൂര്‍ പയ്യാവൂര്‍ കുളക്കാട്ട് നിമ്മി സ്റ്റീഫന്‍ അര്‍ഹയായത്.
ശനിയാഴ്ച ബംഗളൂരുവില്‍ പുരസ്കാരസമര്‍പ്പണം നടക്കും. ജൂണ്‍ 28-നാണ് കാര്‍ക്കള നിട്ടെ കോളേജ് എംബിഎ വിദ്യാര്‍ത്ഥിനിയെ ദര്ളഗെട്ടെയില് വെച്ച് സുഹൃത്ത് കുത്തി കൊലപ്പെടുത്താന്‍ ശ്രമം നടത്തിയത്. പലതവണയാണ് യുവാവ് പെണ്‍കുട്ടിയെ കുത്തിയത്. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലാണ് ആക്രമണം നടത്തിയത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ 12 കുത്തുകള്‍ ഉണ്ടായിരുന്നു. യുവാവ് സ്വയം കഴുത്ത് മുറിക്കുകയും ചെയ്തിരുന്നു.
അക്രമം തടയാനെത്തിയ നാട്ടുകാരെ കത്തിവീശി വിരട്ടിയോടിക്കുകയും ചെയ്തു. ഭയം കൊണ്ട് ആരും അടുത്തേയ്ക്ക് പോകുവാന്‍ തന്നെ മടിച്ചു. ഇതിനിടയിലേക്കാണ് നിമ്മി എത്തിയത്. പലരും പോകരുതെന്ന് മുന്നറിയിപ്പ് കൊടുത്തിട്ടും പിടയുന്ന ജീവന് എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന ചിന്ത മാത്രമാണ് നിമ്മിക്ക് ഉണ്ടായിരുന്നത്. കൊലക്കത്തിക്കു മുന്പില് നിന്ന് പതറാതെ കൊലയാളിയെ പിടിച്ചു മാറ്റി. ശേഷം കുത്തേറ്റ് കിടക്കുന്ന യുവതിയെ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലെത്തിക്കുകയായിരുന്നു. സ്വന്തം ജീവന് പോലും പണയപ്പെടുത്തി നടത്തിയ പ്രവര്‍ത്തനത്തിന് നിമ്മിക്ക് അഭിനന്ദനപ്രവാഹമായിരുന്നു. ഇതിനു പിന്നാലെയാണ് ധീരതയെ മാനിച്ച് ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്കാരം നല്‍കുന്നത്.